Sorry, you need to enable JavaScript to visit this website.

സർവമേഖലകളിലും വനിതാ മുന്നേറ്റം

സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന നവീകരണവും പരിഷ്‌കരണവും വലിയ അമ്പരപ്പാണ് ലോകത്തിനു സമ്മാനിച്ചത്. സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാത്ത നാടെന്നും നരകജീവിതം തീർക്കുന്ന പുരുഷ മേധാവികളുടെ നാടെന്നുമൊക്കെയുള്ള മുൻവിധികൾ മാറ്റാനും തിരുത്താനുമാണ് പുതിയ സൗദി അറേബ്യ അന്താരാഷ്ട്ര മാധ്യമങ്ങളേയും വിമർശകരേയും പ്രേരിപ്പിക്കുന്നത്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ദീർഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന നയങ്ങളും പരിപാടികളുമാണ് രാജ്യത്ത് എല്ലാ മേഖലകളിലും നേട്ടങ്ങൾ സമ്മാനിക്കുന്നത്. സാമ്പത്തിക മേഖലയിലെ ഘടനാപരമായ പരിഷ്‌കരണങ്ങളായാലും വനിതാ ശാക്തീകരണത്തിനായുള്ള നടപടികളായാലും സൗദിയുടെ വിഷൻ-2030 ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വിമർശകരും അന്താരാഷ്ട്ര മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെ സമ്മർദങ്ങളുടെ ഫലമായുള്ളതല്ല ഈ മാറ്റങ്ങൾ. വനിതകൾക്കനുകൂലമായ പരിഷ്‌കരണങ്ങൾ രാജ്യാന്തര മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. 


കേവലം വാഹനമോടിക്കുന്നതിൽ ഒതുങ്ങുന്നില്ല സൗദി വനിതകൾ കൈവരിച്ച സ്വാതന്ത്ര്യവും അവകാശങ്ങളും. മോട്ടോർ ബൈക്കുകൾ മുതൽ ഇടിക്കൂട്ടിൽ വരെ അവർ സാന്നിധ്യമറിയിക്കുന്നു. 
പൗരന്മാരുടെ  ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങൾ ഘട്ടംഘട്ടമായാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. കുറഞ്ഞ കാലയളവിൽ സൗദി ജീവിതത്തിൽ വലിയ സ്വാധീനമാണ് ഈ പരിഷ്‌കരണങ്ങൾ വരുത്തിയിരിക്കുന്നത്. ദേശീയ വികസനത്തിൽ ജനതയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പരിഷ്‌കാരങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണ് സൗദി സ്ത്രീകൾ.
പുരുഷ രക്തബന്ധുവിന്റെ അനുമതിയില്ലാതെ വാഹനമോടിക്കാനുള്ള അവകാശം, യാത്ര ചെയ്യാനുള്ള അവകാശം, സിവിൽ സ്റ്റാറ്റസ് നടപടിക്രമങ്ങൾ പൂർത്തിയാക്കൽ തുടങ്ങിയ ശ്രദ്ധേയ നടപടികളാണ് വനിതാ ശാക്തീകരണത്തിനായി സ്വീകരിച്ചത്. 
നിലവിലുള്ള നിയമങ്ങളിൽ വരുത്തിയ ഭേദഗതികളും പുതിയ ചട്ടങ്ങളും സ്ത്രീകളുടെ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തതിൽ മാത്രം പരിമിതമല്ല. മറ്റു സാമൂഹിക, സാമ്പത്തിക അവകാശങ്ങൾക്കിടയിൽ തൊഴിലവസരങ്ങൾ, ശമ്പളം, പ്രസവാവധി, വിരമിക്കൽ എന്നിവ പരിശോധിച്ചാൽ സൗദി സമ്പദ്ഘടന ചലിപ്പക്കുന്ന കാര്യത്തിലും സ്ത്രീകൾ വലിയ പങ്കു വഹിക്കാനിരിക്കുന്നു. 
സ്ത്രീകൾക്ക് ലഭ്യമായ തൊഴിലവസരങ്ങളും ഡ്രൈവിംഗിനുണ്ടായിരുന്ന തടസ്സങ്ങൾ നീക്കപ്പെട്ടതും സൗദി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണെന്ന് സാമ്പത്തിക രംഗം വിശകലനം ചെയ്യുന്ന വിദഗ്ധർ മാത്രമല്ല, ചെറുകിട വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകൾക്ക് ലഭ്യമായിരിക്കുന്ന വരുമാനവും അവരുടെ സ്വാതന്ത്ര്യവും ചെറിയ ഷോപ്പിംഗ് മാളുകളിൽ പോലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സൗദി സ്ത്രീകളുടെ ശാക്തീകരണത്തിനു പിന്നിൽ സാമൂഹിക ലക്ഷ്യങ്ങൾക്കുപരി സാമ്പത്തിക മുന്നേറ്റവും അധികൃതർ ലക്ഷ്യമിടുന്നുവെന്ന് കാണാം. 
ട്രാവൽ രേഖകൾ, സിവിൽ സ്റ്റാറ്റസ്, തൊഴിൽ, സാമൂഹിക ഇൻഷുറൻസ് ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ഭേദഗതികളൊക്കെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ വീഴ്ചകളില്ലാതെയാണ് നടപ്പിലാക്കി വരുന്നത്. എവിടെയും ചുവപ്പ് നാടയുടെ കുരുക്കുകളില്ല. 
സ്ത്രീകൾക്ക് പാസ്‌പോർട്ട് കരസ്ഥമാക്കുന്നതിനും യാത്ര ചെയ്യുന്നതിനും രക്തബന്ധുക്കളുടെ അനുമതി വേണമെന്ന നിബന്ധന സൗദി സമൂഹത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. മാതാപിതാക്കൾ മരിച്ച സൗദി വനിതകളിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സ്വന്തം സഹോദരങ്ങൾ ഈ നിബന്ധന ദുരുപയോഗം ചെയ്ത ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സഹോദരൻ യാത്രാനുമതി നൽകാത്തതിനാൽ അമേരിക്കയിൽ പോയി പഠിക്കാനാവുന്നില്ലെന്ന പരാതിയുമായി സൗദി വിദ്യാർഥിനി അധികൃതരെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. 
21 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് യാതൊരു അനുമതിയും കൂടാതെ തന്നെ പാസ്‌പോർട്ട് കരസ്ഥമാക്കാനും രാജ്യത്തിനു പുറത്ത് യാത്ര ചെയ്യാനും ഇപ്പോൾ സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ആശങ്കകൾക്കും വിരാമമിട്ട് സൗദിയിലെ തിരക്കേറിയ റോഡുകളിൽ സൗദി സ്ത്രീകൾ വാഹനമോടിക്കുന്നു. 


സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട്, പുതിയ പരിഷ്‌കാരങ്ങൾ സ്ത്രീകൾക്ക് തൊഴിൽ, ശമ്പളം, നിയമനം എന്നിവയിൽ തുല്യ അവകാശം നൽകുന്നതിനു പുറമെ, എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾ നിരോധിക്കുകയും പഴുതുകൾ അടയ്ക്കുകയും ചെയ്യുന്നു. 
തൊഴിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ തൊഴിൽ വിപണിയിൽ സ്ത്രീകൾക്ക് അവരുടേതായ പങ്ക് വർധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകാനും പ്രാപ്തമാക്കി. ഈ മേഖലയിലെ ഭേദഗതികളിൽ വേതനം മാനദണ്ഡമാക്കുക, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ തൊഴിൽ നടപടിക്രമങ്ങൾ, പ്രസവാവധി സമയത്ത് വനിതാ ജീവനക്കാരെ പിരിച്ചുവിടുന്നത് തടയുക തുടങ്ങിയവ ഉൾപ്പെടുന്നു.
സ്ത്രീകൾ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് അങ്ങിങ്ങ് ചില അപശബ്ദങ്ങളുണ്ടായെങ്കിലും സൗദി ഭരണാധികാരികൾ അതിനെ ശക്തമായാണ് നേരിട്ടത്. സ്ത്രീകളുടെ വാഹനങ്ങൾ കത്തിക്കാനും കേടു വരുത്താനും ശ്രമങ്ങളുണ്ടായി. ഇത്തരക്കാരെ നിയമത്തിനു മുന്നിലെത്തിക്കാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും സൗദി പ്രോസിക്യൂഷനു സാധിച്ചു. വാഹനമോടിക്കുന്ന സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെ സൗദി സമൂഹവും ശക്തമായി അപലപിച്ചു. അതിക്രമങ്ങളിൽ വാഹനങ്ങൾ നഷ്ടപ്പെട്ടവർക്ക് പുത്തൻ കാറുകൾ ലഭ്യമാക്കാൻ വ്യവസായ പ്രമുഖരടക്കമുള്ളവർ രംഗത്തു വന്നു. 
പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനായി സർക്കാർ അതിവേഗമാണ് ചലിച്ചത്. സ്ത്രീകൾ അവരുടെ പുതിയ അവകാശങ്ങൾ ഉടൻ ലഭിക്കുന്നതിനും അവരുടെ പ്രതിബദ്ധത നേടിയെടുക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഏറെ സഹായകമായി. പരിഷ്‌കാരങ്ങൾ സൗദി വനിതകളെ പൊതു-സ്വകാര്യ മേഖലകളിൽ നിരവധി പ്രധാന നേതൃസ്ഥാനങ്ങൾ വഹിക്കാനാണ് പ്രാപ്തരാക്കിയത്. അമേരിക്കയിലെ സൗദി വനിതാ അംബാസഡർ മുതൽ ഓൺലൈൻ ടാക്‌സി സേവനങ്ങളുടെ നേതൃസ്ഥാനങ്ങളിൽ വരെ ഇത് എത്തി നിൽക്കുന്നു. 
പരിഷ്‌കാരങ്ങളെല്ലാം തന്നെ സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും വിഷൻ-2030 പ്രകാരം വികസന പ്രക്രിയയിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിലും ഗുണപരമായ ഫലങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുകയാണ്.

 

Latest News