ന്യൂദല്‍ഹി- യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞ ദിവസം ഹൂസ്റ്റണില്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ഹൗഡി മോഡി പരിപാടിയിലാണ് മോഡി ട്രംപിനു വേണ്ടി പ്രചാരണം നടത്തിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും മത്സരിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി ആയാണ് യുഎസിലെത്തിയതെന്നും യുഎസ് തെരഞ്ഞെടുപ്പിലെ താരപ്രചാരകനായല്ലെന്നും മോഡി ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ആനന്ദ് ശര്‍മ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ ആഭ്യന്തര തെരഞ്ഞെടുപ്പുകളില്‍ ഇടപെടില്ലെന്ന ഇന്ത്യയുടെ വിദേശ നയം മോഡി ലംഘിച്ചെന്നും ശര്‍മ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. യുഎസ്എയുമായുള്ള ഇന്ത്യയുടെ ബന്ധം റിപ്പബ്ലിക്കന്‍, ഡെമോക്കാറ്റ് എന്നീ വേര്‍ത്തിരിവില്ലാതെ നിഷ്പക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനു വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയതിലൂടെ പരമാധികാര ജനാധിപത്യ രാജ്യങ്ങളെന്ന ഇന്ത്യയുടേയും അമേരിക്കയുടേയും പേരിനെ മോഡി കളങ്കപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഹൂസ്റ്റണില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി ട്രംപിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയ്ന്‍ എന്ന വാക്യം ഉള്‍പ്പെട്ടിരുന്നു. തന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്നു അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ എന്നത് പരിഷ്‌ക്കരിച്ച് അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നും മോഡി പരാമര്‍ശിച്ചിരുന്നു.
ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുത്തത് പിന്നില്‍ മേഖലയിലെ അമേരിക്കല്‍-ഇന്ത്യക്കാരുടെ വോട്ടിനു വേണ്ടിയാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇവിടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെല്ലുവിളി നേരിടുന്നുണ്ട്. കഴിഞ്ഞ തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ വോട്ട് ട്രംപിന് അനൂകൂലമായിരുന്നില്ല.