ന്യൂദല്‍ഹി- ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപും പ്രസംഗിക്കുന്നതിനു മുമ്പ് യുഎസ് ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ നേതാവ് സ്റ്റെനി ഹോയര്‍ നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും മുന്നോട്ടു വച്ച വീക്ഷണവും മതേതര ജനാധിപത്യ മൂല്യങ്ങളും പരാമര്‍ശിച്ചായിരുന്നു ഹോയറുടെ 14 മിനിറ്റ് പ്രസംഗം. നെഹ്‌റു വിമര്‍ശകനായ മോഡിയെ അടുത്തു നിര്‍ത്തി നടത്തിയ ഈ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
'ബഹുസ്വരതയെ മാനിക്കുകയും ഓരോ വ്യക്തിയുടേയും മനുഷ്യാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന മതേതര ജനാധിപത്യമാണ് നെഹ്‌റുവിന്റെ കാഴ്ച്ചപ്പാട്. നെഹ്‌റുവിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും മഹാത്മാ ഗാന്ധിയുടെ അധ്യാപനങ്ങള്‍ക്കും അനുസൃതമായി ഭാവി ഭദ്രമാക്കുന്ന പഴയ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് അമേരിക്കയെ പോലെ ഇന്ത്യയും. നമ്മുടെ പൗരന്മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളും പ്രതീക്ഷകളും യാഥാര്‍ത്ഥ്യമാക്കാന്‍ അമേരിക്കയും ഇന്ത്യയും പരിശ്രമിക്കേണ്ടതുണ്ട്'- മോഡിയെ അടുത്തു നിര്‍ത്തി ഹോയര്‍ പ്രസംഗിച്ചു. മോഡി സര്‍ക്കാരിലെ രണ്ടാമന്‍ അഭ്യന്തര മന്ത്രി അമിത് ഷാ നെഹറുവിനെതിരെ കടുത്ത വിമര്‍ശനമുന്നിച്ചതിനു തൊട്ടുപിന്നാലെ ആയിരുന്നു മോഡിക്കൊപ്പം നിന്ന് ഹോയറുടെ ഈ നെഹ്‌റു വാഴ്ത്ത്.
ഇന്ത്യയ്ക്കു സ്വാതന്ത്രം ലഭിച്ച അര്‍ധരാത്രിയില്‍ നെഹ്‌റു നടത്തിയ വിഖ്യാത പ്രസംഗത്തിലെ വാക്കുകളും ഹോയര്‍ ഉദ്ധരിച്ചു. മനുഷ്യര്‍ കണ്ണീരൊഴുക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന കാലത്തോളം അവരുടെ കണ്ണീരൊപ്പാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ലെന്ന് നെഹ്‌റുവിന്റെ വ്ാക്കുകളാണ് ഹോയര്‍ എടുത്തു പറഞ്ഞത്. ശക്തര്‍ക്ക് ലഭിക്കുന്നതു പോലെ എല്ലാ അവകാശങ്ങളും ദുര്‍ബലര്‍ക്കും ലഭ്യമാക്കുന്ന സംവിധാനമാണ് ജനാധിപത്യമെന്ന ഗാന്ധിയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.
യുഎസ് ജനപ്രതിനിധി സഭയിലെ മെജോറിറ്റി ലീഡറായ ഹോയര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സഭയിലെ രണ്ടാമത്തെ വലിയ നേതാവാണ്. യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു അടുത്ത വര്‍ഷം നടക്കാനിരിക്കെ ഹൗഡി മോഡി പരിപാടിയിലെ യുഎസ് പ്രതിപക്ഷത്തിന്റെ മുഖ്യശബ്ദമായിരുന്നു ഹോയറുടേത്.