ന്യൂദല്‍ഹി-ഇന്ത്യയിലെ ട്രെയിന്‍ ഗതാഗത രംഗത്തെ സ്വകാര്യവത്കരണം ഉടന്‍ തന്നെ നിലവില്‍ വരാന്‍ സാധ്യത. റെയ്ല്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 150 സ്വകാര്യ ട്രെയിന്‍ സര്‍വ്വീസുകളുമായി പദ്ധതി നടപ്പിലാക്കാനാണ് റെയ്ല്‍വേ ശ്രമിക്കുന്നത്. സ്വകാര്യ ട്രെയിന്‍ സര്‍വ്വീസുകള്‍ക്കായി ഏതൊക്കെ റൂട്ടുകളാണ് അനുവദിക്കേണ്ടതെന്നു സംബന്ധിച്ച പരിശോധനകള്‍ അന്തിമ ഘട്ടത്തിലാണ്. 2021 ഡിസംബറോടെ ചരക്ക് ഇടനാഴി പൂര്‍ത്തിയാകും. പൂര്‍ണ്ണ ചരക്ക് ഇടനാഴി വരുന്നതോടെ സ്വകാര്യ ട്രെയിനുകളുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ് വിനോദ് കുമാര്‍ യാദവ് പറയുന്നത്. ഡല്‍ഹി മുംബൈ, ഡല്‍ഹി ഹൗറ ചരക്ക് ഇടനാഴികള്‍ ആരംഭിക്കുന്നതോടെ ട്രെയിനുകളുടെ വേഗത 100 കിലോമീറ്ററായി ഉയരും. നിലവില്‍ ഇത് 60 കിലോമീറ്ററാണ്. ഈ റൂട്ടുകള്‍ 160 കിലോമീറ്റര്‍ വേഗതയിലുള്ള ട്രെയിനുകള്‍ക്ക് ഓടാന്‍ സാധിക്കും വിധം പരിഷ്‌കരിക്കാന്‍ 13,000 കോടി അനുവദിച്ചിട്ടുണ്ട്.
നാലഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഈ റൂട്ടുകളില്‍ ഓടിക്കാന്‍ സാധിക്കും. അപ്പോള്‍ കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായി വരും. സ്വകാര്യ ട്രെയിനുകള്‍ ആവശ്യം വന്‍ തോതില്‍ ആ സമയത്ത് വര്‍ധിക്കുമെന്നാണ് വിനോദ് കുമാര്‍ യാദവ് പറയുന്നത്. സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് കോച്ചുകള്‍ ഇറക്കുമതി ചെയ്യാനും കോച്ചുകള്‍ വാങ്ങാനുമുള്ള സൗകര്യമുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ റെയ്ല്‍വേയില്‍ നിന്ന് ട്രെയിനുകള്‍ ലീസിനെടുക്കാനും സാധിക്കും.