മുസാഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ 20 ദിവസം മാത്രം പ്രായമുള്ള പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ അച്ഛനും അമ്മയും ചേര്‍ന്ന് കുളത്തില്‍ മുക്കിക്കൊന്നു. പെണ്‍കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. അച്ഛന്‍ വസീം, അമ്മ നസ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്രിന്‍, ആഫിയ എന്നീ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. കൂലി വേല ചെയ്ത ജീവിക്കുന്നയാളാണ് വസീം. ഇവര്‍ക്ക് ഏഴു വയസ്സുള്ള ഒരു മകനും ഉണ്ട്. ശനിയാഴ്ച രാത്രി ഇരുവരും വീട്ടില്‍ വഴക്കിട്ടിരുന്നുവെന്നും പിന്നീട് കുഞ്ഞുങ്ങളെ എടുത്ത് വീട്ടിനടുത്ത കുളത്തിലെറിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ വസീം കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെയാണ് കുട്ടികളെ കുളത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളെ വിശദമായ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തായത്. ഇരുവരും കുറ്റസമ്മതിച്ചു. ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചതിനെ ചൊല്ലി വസീം ഭാര്യയുമായി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.