ചണ്ഡീഗഢ്- നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹരിയാനയില്‍ ചെലവുകള്‍ കണ്ടെത്തുന്നതിനും മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനും കോണ്‍ഗ്രസ് പുതിയ സ്ഥാനാര്‍ത്ഥി അപേക്ഷാ രീതി അവതരിപ്പിച്ചു. ഖാദി ധരിക്കുന്നവരാണോ, മദ്യപിക്കാത്തവരാണോ എന്നെല്ലാം കൃത്യമായി അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തണമെന്ന് പ്രത്യേകം പരാമര്‍ശമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ സല്‍സ്വഭാവികളും ഗൗരവഭാവമുള്ളവരുമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ശെല്‍ജ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഇതു പങ്കുവച്ചിരുന്നു. ഘോഷണ പത്രയില്‍ 10 കല്‍പ്പനകളും ഉണ്ട്.
ഗാന്ധിയന്‍ മൂല്യങ്ങളോട് പ്രിബദ്ധതയുള്ളവരും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്നു പോകുന്നവരുമായ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി തിരയുന്നതെന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകാന്‍ അപേക്ഷിക്കുന്നവര്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരും മതത്തിന്റേയോ ജാതിയുടെയോ പേരില്‍ ഒരിക്കലും വിവേചനം കാട്ടിയിട്ടില്ലാത്തവരും ആയിരിക്കണമെന്നും നിര്‍ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണുന്നവരെ മാത്രമാണ് പാര്‍ട്ടി തിരയുന്നത്. പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ 5000 രൂപ മുടക്കണം. പട്ടികജാതി, വനിതാ അപേക്ഷകര്‍ക്ക് 2000 രൂപയും മടുക്കണം. അപേക്ഷാ ഫോമിന് വില 25 രൂപയാണ്. ബിജെപിയില്‍ നിന്നും ഇത്തവണ ശക്തമായ വെല്ലുവിളിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് നേരിടുന്നത്.