ന്യൂദല്‍ഹി- കനത്ത ഇടിമിന്നലിനെത്തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ക്ക് കേടുപാടുണ്ടായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. ദല്‍ഹിയില്‍നിന്ന് വിജയവാഡയിലേക്കും കൊച്ചിയിലേക്കും സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്.
വിജയവാഡയിലേക്ക് സര്‍വീസ് നടത്തിയ എഐ -467 എയര്‍ബസ് 320 വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം. സെപ്റ്റംബര്‍ 17 നായിരുന്നു സംഭവം. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന ജോലിക്കാരും എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇത്തരം പ്രശ്ങ്ങളുണ്ടായാല്‍ ഉടന്‍തന്നെ സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചതിനാലാണ് ജീവനക്കാര്‍ അന്വേഷണം നേരിടുന്നതെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജോലിക്കാര്‍ക്കോ പരിക്കേറ്റിരുന്നില്ല.
ദല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ എ.ഐ 048 എയര്‍ബസ് -321 വിമാനത്തിലാണ് സമാന സംഭവമുണ്ടായത്. മോശം കാലാവസ്ഥയും ശക്തമായ ഇടിമിന്നലുമുണ്ടായതിനെ തടുര്‍ന്ന് പൈലറ്റ് ഉടന്‍ തന്നെ സംഭവം വിമാന സുരക്ഷാ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ വിമാനത്തിലെ ഏതാനും ജോലിക്കാര്‍ക്ക് നിസാര പരിക്കേറ്റിരുന്നു.
കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം നാലുമണിക്കൂറിനുശേഷണാണ് സര്‍വീസിന് വിട്ടുകൊടുത്തിരുന്നത്.
രണ്ട് കേസുകളിലും അന്വേഷണം നടക്കുകയാണെന്നും വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സുരക്ഷാ വിഭാഗം വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. രണ്ട് സംഭവങ്ങളിലും യാത്രക്കാര്‍ക്ക് പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.