ഹൂസ്റ്റണ്‍- വിഘടനവാദി സിഖ് ഗ്രൂപ്പുകളും പാക്കിസ്ഥാനികളും ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കെ, സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടു. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് ആരോപിച്ച് മോഡിക്കെതിരെ യു.എസ് ആസ്ഥാനമായ രണ്ട് കശ്മീരി ആക്ടിവിസ്റ്റുകള്‍ ഫെഡറല്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്.
ഈ കേസിന്റെ തുടര്‍ നടപടികള്‍ എന്തായിരിക്കുമെന്ന് ഇന്ത്യന്‍ തയതന്ത്ര ഉദ്യോഗസ്ഥര്‍ വിലയിരുത്തി വരികയാണ്.
കശ്മീര്‍ ആക്ടിവിസ്റ്റുകളും ഖാലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ടും സംയുക്തമായി സമര്‍പ്പിച്ച 73 പേജ് ഹരജിയില്‍ മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ശ്രീനഗര്‍ ആസ്ഥാനമായുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലനേയും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കിയതിനുശേഷം കശ്മീര്‍ ജനതയെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവരെ കൊലപ്പെടുത്തുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
നിയമവിരുദ്ധമായ കൊലപാതകങ്ങളും പീഡനങ്ങളും സംശയിക്കുന്ന വിദേശ ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന 1991 ലെ ഫെഡറല്‍ ചട്ടമനുസരിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.