ന്യൂദല്‍ഹി- ഇന്ത്യയിലെ 10 അക്ക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കത്തിലേക്കു മാറ്റുന്ന കാര്യം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സജീവ പരിഗണനയില്‍. ഫോണ്‍ കണക്ഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതാണ് ഇതിന് ഒരു കാരണമായി പറയുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൈകാര്യം ചെയ്യാന്‍ ട്രായ് പല വഴികളും പരിഗണിച്ചു വരികയാണ്. ഇതിലൊന്നാണ് 11 അക്ക മൊബൈല്‍ നമ്പറുകള്‍. 9,8,7 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറുകളില്‍ പരമാവധി 210 കോടി കണക്ഷനുകള്‍ നല്‍കാനെ സാധിക്കൂ. 2050 ആകുമ്പോഴേക്ക് രാജ്യത്ത് 260 കോടി മൊബൈല്‍ കണക്ഷനുകള്‍ ആവശ്യമായി വരുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1993ലും 2003ലും ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പരിഷ്‌ക്കരണം നടപ്പാക്കിയിട്ടുണ്ട്. 2003ലെ പരിഷ്‌ക്കരത്തിലൂടെ 75 കോടി അധിക ഫോണ്‍ കണക്ഷനുകള്‍ നല്‍കാനായി. ഇവയില്‍ 45 കോടിയും മൊബൈല്‍ കണക്ഷനുകളായിരുന്നു. പുതിയ പരിഷ്‌ക്കരണത്തിലും ലാന്‍ഡ് നമ്പറുകളും 11 അക്കത്തിലേക്ക് മാറിയേക്കും. ഡോംഗ്ള്‍, വൈഫൈ മോഡം എന്നിവയില്‍ ഉപയോഗിക്കുന്ന ഡാറ്റ ഒണ്‍ലി മൊബൈല്‍ നമ്പറുകള്‍ 10 അക്കത്തില്‍ നിന്ന് 13 അക്ക നമ്പറിലേക്ക് മാറ്റുന്നത് ചില നമ്പര്‍ സീരീസുകളില്‍ കൂടുതല്‍ കണക്ഷനുകള്‍ക്ക് വഴിയൊരുക്കും.