ബെംഗളൂരു- ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായിരുന്ന വിക്രം ലാന്‍ഡര്‍ ഇനി ബഹിരാകാശ നിഗൂഢതയായി തുടരും. ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കവെ ഭൂമിയിലെ നിയന്ത്രണ കേന്ദ്രവുമായുള്ള സമ്പര്‍ക്കം നഷ്ടമായ വിക്രം ലാന്‍ഡറിന് രണ്ടാഴ്ചത്തെ ആയുസെ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ബന്ധം പുനസ്ഥാപിക്കാനുള്ള കഠിന പരിശ്രം ഇസറോ നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. വിക്രം ലാന്‍ഡറിന്റെ ചിത്രമെടുക്കാനുള്ള യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ശ്രമവും വിജയം കണ്ടില്ല. ഇസ്‌റോയുടെ അടുത്ത മുന്‍ഗണന 2020ല്‍ ചന്ദ്രനിലേക്ക് ആളെ അയക്കുന്ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനാണെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ചന്ദ്രനെ വിജയകരമായി ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഓര്‍ബിറ്ററിലെ എട്ടു ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്ദേശിച്ച ഫലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.