മുംബൈ- കാളയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഒന്നര ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല പുറത്തെടുത്തു. മുംബൈയിലെ അഹമ്മദ് നഗറിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ പോളി ആഘോഷത്തിനിടെ കര്‍ഷകനായ ബാബുറാമിന്റെ വളര്‍ത്തുകാള സ്വര്‍മാല വിഴുങ്ങുകയായിരുന്നു. വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ തട്ടത്തിലാക്കി കാളയുടെ തലയില്‍ തൊട്ട് പ്രാര്‍ത്ഥന നടത്തുന്ന ചടങ്ങിനിടെയാണ് കാള താലിമാല വിഴുങ്ങിയത്. വീട്ടുകാര്‍ പലവട്ടം ശ്രമിച്ചിട്ടും കാളയുടെ വായില്‍ നിന്ന് മാല തിരിച്ചെടുക്കാന്‍ സാധിച്ചില്ല.
ചാണകത്തിലൂടെ സ്വര്‍ണമാല തിരിച്ചു കിട്ടുമെന്നായിരുന്നു ഇവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതീക്ഷയ്ക്ക് ഫലമുണ്ടായില്ല. പിന്നീടാണ് കാളയെ വേറ്റിനറി ഡോക്ടറുടെ അടുത്തെത്തിച്ചത്.
മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുളള പരിശോധനയില്‍ മാല കാളയുടെ വയറ്റില്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും താലിമാല പുറത്തെടുക്കുകയുമായിരുന്നു. സംഭവം പുറം ലോകമറിഞ്ഞതോടെ കാളയെ കാണാന്‍ നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്