മുംബൈ- ബി.ജെ.പി ഭരണത്തിൽ ജനങ്ങൾ കടുത്ത അസംതൃപ്തിയിലാണെന്നും പുൽവാമ മോഡൽ അക്രമണം മാത്രമേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഹായിക്കൂവെന്നും എൻ.സി.പി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി തെരെഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച ഉടനെയായിരുന്നു പവാറിന്റെ പ്രസ്താവന. ബി.ജെ.പി-ശിവസേന ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അഴിമതി ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കാത്ത മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ നടപടി മോശമാണെന്നും പവാർ വ്യക്തമാക്കി. സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി പവാർ തനിക്കെതിരെ മോഡി പ്രസ്താവന നടത്തുന്നതിന് മുമ്പ് സത്യം മനസിലാക്കണമെന്നും മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാനെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് തനിക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണ് മോഡി നടത്തുന്നത് എന്നായിരുന്നു പവാറിന്റെ വാദം. പാക്കിസ്ഥാനെ അതിയായി സ്‌നേഹിക്കുന്ന ആളാണ് ശരദ് പവാറെന്നും ഇന്ത്യക്കാരേക്കാൾ സ്‌നേഹം അദ്ദേഹം പാക്കിസ്ഥാനികളോടാണെന്നും മോഡി പറഞ്ഞിരുന്നു. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കിൽ നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു മോഡി പവാറിനെ വിമർശിച്ചത്. എന്നാൽ ശരദ് പവാറിന്റെ വാക്കുകൾ മോദി വളച്ചൊടിക്കുകയായിരുന്നെന്നും പാക്കിസ്ഥാന് അനുകൂലമായുള്ള പ്രസ്താവനയല്ല പവാർ നടത്തിയതെന്നും പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും പുറത്തുവിട്ട് എൻ.സി.പി വ്യക്തമാക്കിയിരുന്നു.
'നമ്മുടെ അയൽരാജ്യത്തെ ഞാൻ അതിയായി സ്‌നേഹിക്കുന്നു എന്നാണ് മോഡി പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. വിമർശിക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞ വാക്കുകൾ മോഡി പരിശോധിക്കണം. ' ശരദ് പവാർ പറഞ്ഞു. പാക്കിസ്ഥാനിലെ രാഷ്ട്രീയ, സൈനിക നേതാക്കൾ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വാക്കുകൾ പാകിസ്ഥാനോടുള്ള സ്‌നേഹം വിവരിക്കുന്നതാണോ. ഞാൻ മോഡിയെ വലിയ രീതിയിൽ വിമർശിക്കുന്ന ആളല്ല. അത് മറ്റൊന്നും കൊണ്ടല്ല, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ കണക്കിലെടുത്തുകൊണ്ട് മാത്രമാണ്. - ശരദ് പവാർ പറഞ്ഞു. പാക്കിസ്ഥാനിലെ സൈനിക രാഷ്ട്രീയ സംവിധാനങ്ങൾ ഇന്ത്യക്കെതിരെ വിദ്വേഷം ചൊരിയുകയാണെന്നും എന്നാൽ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനായി പാക്കിസ്ഥാനിൽ ചെന്ന തനിക്ക് അവിടുത്തെ ആളുകൾക്ക് ഇന്ത്യയോടുള്ള സ്‌നേഹം മനസിലായെന്നുമായിരുന്നു പവാർ പ്രസംഗത്തിൽ പറഞ്ഞത്. ഇതിനെയാണ് വളച്ചൊടിച്ചത്.