റിയാദ് - സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ പരിഷ്‌കരിച്ച അനുപാതം സെപ്റ്റംബർ മൂന്നിന് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് സ്വകാര്യ സ്ഥാപനങ്ങൾ നടപ്പാക്കേണ്ട സൗദിവൽക്കരണ അനുപാതത്തിൽ ഭേദഗതികൾ അംഗീകരിച്ചിരിക്കുന്നത്. സൗദി പൗരന്മാർക്ക് മികച്ചതും ആകർഷകവുമായ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും വ്യാജ സൗദിവൽക്കരണം ഇല്ലാതാക്കുന്നതിനുമാണ് നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലക്കും വലിപ്പത്തിനും അനുസൃതമായാണ് പുതിയ അനുപാതം നിശ്ചയിച്ചിരിക്കുന്നത്. പുതുതായി ചില മേഖലകളെ നിതാഖാത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ചെറുകിട സ്ഥാപനങ്ങളെ എ, ബി വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു.
ദേശീയ പരിവർത്തന പദ്ധതി 2020 ന്റെയും വിഷൻ 2030 പദ്ധതിയുടെയും ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സ്വകാര്യ മേഖലയിൽ കൂടുതൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് നിതാഖാത്ത് പരിഷ്‌കരണമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് ദുൽഹജ് 12 ന് (സെപ്റ്റംബർ 3) ന് നിലവിൽവരും.
ചെറുകിട സ്ഥാപനങ്ങൾ പച്ച വിഭാഗത്തിൽ ഉൾപ്പെടുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണ അനുപാതം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഇടത്തരം പച്ച വിഭാഗത്തിൽ പെടുന്നതിന് നഴ്‌സറി സ്‌കൂളുകൾ നടപ്പാക്കേണ്ട സൗദിവൽക്കരണം 46 ശതമാനത്തിൽ നിന്ന് 85 ശതമാനമായി ഉയർത്തി. നിർമാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ ഇടത്തരം പച്ചയിൽ പെടുന്നതിന് 16 ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. നിലവിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പത്തു ശതമാനം സൗദിവൽക്കരണം മതിയായിരുന്നു. ജ്വല്ലറി മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ പച്ച വിഭാഗത്തിൽ പെടുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണം 28 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തി. ഫാർമസികൾ പച്ചയിൽ പെടുന്നതിന് 19 ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. നിലവിൽ ഫാർമസികൾ പച്ചയിൽ പെടുന്നതിന് 11 ശതമാനം സൗദിവൽക്കരണം നടപ്പാക്കിയാൽ മതി. ഇടത്തരം പച്ചയിലാകുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണം ബസ് കമ്പനികൾക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായും വ്യോമഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 33 ശതമാനത്തിൽനിന്ന് 38 ശതമാനമായും ടെലികോം കമ്പനികൾക്ക് 33 ശതമാനത്തിൽ നിന്ന് 45 ശതമാനമായും സർക്കാർ വകുപ്പുകളിൽനിന്ന് നടപടികൾ പൂർത്തിയാക്കി നൽകുന്ന തഅ്ഖീബ് ഓഫീസുകൾക്ക് 50 ശതമാനത്തിൽ നിന്ന് 69 ശതമാനമായും ആരോഗ്യ സേവന സ്ഥാപനങ്ങൾക്ക് 19 ശതമാനത്തിൽ നിന്ന് 28 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം വിഭാഗത്തിൽ പെടുന്നതിന് മുഴുവൻ സ്ഥാപനങ്ങളും നൂറു ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. –പേജ് രണ്ട് കാണുക