ഹൂസ്റ്റൺ- അമേരിക്കയിലെ ഹൂസ്റ്റണിൽ ശക്തമായ മഴ തുടരുന്നതിനിടെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹൗഡിമോഡി പരിപാടി ആശങ്കയിൽ. വ്യാഴാഴ്ച മുതൽ തുടങ്ങിയ മഴ ഇപ്പോഴും ശമിച്ചിട്ടില്ല. മേഖലയിലെ പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ അരലക്ഷത്തോളം ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. 1500-ലേറെ പേർ പരിപാടിയുടെ സംഘാടകരായുണ്ട്. ഹൗ ഡു യു ഡു എന്നതിന് അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഹൗഡി എന്നാണ് പ്രയോഗിക്കുന്നത്. ഇതിനെ അനുകരിച്ചാണ് ഹൗഡി മോഡി എന്ന പരിപാടി നടക്കുന്നത്. കനത്ത മഴയെ തുടർന്ന് ടെക്‌സസിലെ പതിമൂന്ന് കൗണ്ടികളിൽ ഗവർണർ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്.