ലഖ്‌നൗ- നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ തിഹാർ ജയിലിലേക്ക് മാറ്റി. പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിന്മയാനന്ദിനെ തിഹാറിലേക്ക് മാറ്റിയത്. പ്രത്യേക അന്വേഷണസംഘം ഇന്ന് പുലർച്ചെയാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദ് ഒരു വർഷത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടി യു.പി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ യു.പി പോലീസ് പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് പെൺകുട്ടി ദൽഹി പോലീസിനെ സമീപിക്കുകയായിരുന്നു. വിദ്യാർത്ഥി പഠിക്കുന്ന കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദ് പല പെൺകുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നും വിദ്യാർത്ഥി ആരോപിച്ചിരുന്നു. ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് പെൺകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ മതിയായ തെളിവുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞത്. അറസ്റ്റിനെതിരെ പ്രതിഷേധമുണ്ടായില്ലെന്നും ശാന്തനായാണ് അദ്ദേഹം പോലീസ് സംഘത്തോടൊപ്പം പോയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷക പൂജ സിംഗ് വ്യക്തമാക്കി. ഏറെ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ ചിന്മയാനന്ദ നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.പിയിൽ നടത്തുന്നുണ്ട്.