ന്യൂദല്‍ഹി -ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ ജീവന് വന്‍ ഭീഷണിയെന്ന് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാനത്തിനകത്തോ പുറത്തോ കുട്ടിയേയും കുടുംബത്തേയും സുരക്ഷിതമായി താമസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജൂലൈയില്‍ നടന്ന കാറപകടത്തില്‍ ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. പ്രതി മനപ്പൂര്‍വം ഉണ്ടാക്കിയ അപകടമാണിതെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിച്ചു വരികയാണ്.
മുഖ്യ സാക്ഷിയായ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചത്. പെണ്‍കുട്ടിയേയും അമ്മയേയും മൂന്ന് സഹോദരങ്ങളേയും സുരക്ഷിതമായി പാര്‍പ്പിക്കാന്‍ എന്തു നടപടികളെടുക്കാനാകുമെന്ന് വ്യക്തമാക്കാനാണ് ജഡ്ജി ധര്‍മേഷ് ശര്‍മ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം.
റായ്ബറേലിക്ക് സമീപം വെച്ചാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ നമ്പര്‍ പ്ലേറ്റ് മായ്ച്ചുകളഞ്ഞ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു.
എയിംസില്‍ തയാറാക്കിയ പ്രത്യേക കോടതിയില്‍ വെച്ച് ഈമാസം ആദ്യമാണ് ജഡ്ജി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.