ന്യൂദല്‍ഹി- തനിക്ക് ജയിലില്‍ കസേരയോ തലയിണയോ ലഭിക്കുന്നില്ലെന്ന് ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ബോധിപ്പിച്ചു. പകല്‍ സമയത്ത് മുറിക്ക് പുറത്ത് കസേര ഉണ്ടായിരുന്നുവെന്നും താന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കസേര നീക്കം ചെയ്തിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. വാര്‍ഡനു പോലും ഇപ്പോള്‍ കസേര ഇല്ലാതായി. മുന്ന് ദിവസം മുമ്പ് ചിദംബരം ജയിലില്‍ കസേരയും തലയിണയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അവ കാണാനില്ല- ചിദംബരത്തിനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്് വി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇത് ചെറിയ പ്രശ്‌നം മാത്രമാണെന്നും സെല്ലില്‍ നേരത്തെ കസേര ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചെറിയ പ്രശ്‌നം പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. കാരണമില്ലാതെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി നീട്ടിയിരിക്കുന്നതെന്ന് അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 14 ദിവസം പോലീസ് കസ്റ്റഡിയിലും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലും ചിദംബരം കഴിഞ്ഞു. എന്നിട്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ചിദംബരത്തിന് ആരോഗ്യ പരിശോധന നടത്തണമെന്നും തലയിണ, കസേര എന്നിവ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.