ജയ്പൂര്‍-ആന്ധ്രാപ്രദേശിനു പിന്നാലെ രാജസ്ഥാനിലും സ്വകാര്യമേഖലയിലെ ജോലികളില്‍ 75 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയ വന്‍കിട വ്യവസായങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തൊഴില്‍ സംവരണം നല്‍കുന്നതിനെക്കുറിച്ചാണ് തുടക്കത്തില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ചെറുകിട വ്യവസായങ്ങളിലും പ്രദേശവാസികളെ നിയമിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന നയങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ എന്തുകൊണ്ട് രജസ്ഥാനിലെ യുവാക്കള്‍ക്ക് ഗുണകരമായ നടപടികള്‍ സ്വീകരിച്ചുകൂടെന്ന് സംസ്ഥാന വ്യവസായ മന്ത്രി പ്രസാദി ലാല്‍ മീന ചോദിച്ചു.
ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ തീരുമാനം ബിഹാറില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും രാജസ്ഥാനിലെത്തി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വലിയ ജനവിഭാഗത്തെ ബാധിക്കും. പ്രദേശവാസികള്‍ക്ക് സംവരണം നല്‍കുന്നതിനു പുറമേ, മിനിമം ശമ്പളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ തീരുമാനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.