അഹമ്മദാബാദ്- ബുള്ളറ്റ് ട്രെയിൻ സർവീസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ നൽകിയ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് കർഷകർ പരാതി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ 120 ഹരജികളും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ദവെ നേതൃത്വം നൽകിയ ബെഞ്ച് തള്ളി. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം മതിയായതാണെന്നും നഷ്ടപരിഹാരം കൂട്ടാൻ വീണ്ടും സർക്കാറിനെ സമീപിക്കാമെന്നും വിധിന്യായത്തിലുണ്ട്. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതപഠനം നടത്തേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അഹമ്മദാബാദിനും മുംബൈക്കുമിടയിലെ 508 കിലോമീറ്റർ ദൂരത്ത് 12 സ്‌റ്റേഷനുകളുമായാണ് ബുള്ളറ്റ് ട്രെയിൻ സർവീസ് വിഭാവനം ചെയ്യുന്നത്.