ലഖ്‌നൗ- മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ചിന്മയാനന്ദിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണമുയര്‍ന്നിട്ടും പോലീസ് ഇതുവരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തില്ല. 43 വിഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സമര്‍പ്പിച്ചിട്ടും ചിന്മയാനന്ദിനെതിരെ ഇനിയും കേസെടുത്ത് അറസ്റ്റ് ചെയ്യാത്ത നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസവും യുവതി രംഗത്തു വന്നിരുന്നു. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും വലിയ രാഷ്ട്രീയ സ്വാധീനമുള്ള കുറ്റാരോപിതനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും മറുപടി നല്‍കാനില്ലെന്ന് സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പറഞ്ഞു.
അന്വേഷണ ഏജന്‍സിയെ വിശ്വസിക്കണം. അന്വേഷണം തെറ്റായ ദിശയിലാണ് പോകുന്നത് എങ്കില്‍ ഞങ്ങളെ ഹൈക്കോടതി നിരീക്ഷിക്കും. കോടതിയിലെ ഞങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുള്ളൂ. ഏതെങ്കിലും വ്യക്തികള്‍ക്കോ മാധ്യമ വിചാരണ കൊണ്ടോ ഞങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല- എസ്.ഐ.ടി തലവന്‍ നവീന്‍ അറോറ പറഞ്ഞു. ചിന്മയാനന്ദിനെതിരായ എഫ്‌ഐആറില്‍ എന്തെങ്കിലും മാറ്റം വരുത്തിയതിനെ കുറിച്ച് സംസാരിക്കാനാവില്ല. ഇതുവരെ ആറും അറസ്റ്റിലായിട്ടില്ല. ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് വച്ച് അന്വേഷണം വഴിതിരിച്ചുവിടാന്‍ കഴിയില്ല. ഞങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ട ആവശ്യവുമില്ല- അദ്ദേഹം പറഞ്ഞു.
മജിസ്‌ട്രേറ്റിനു മുന്നില്‍ വിശദമായ മൊഴി നല്‍കിയിട്ടും പോലീസ് 72കാരനായചിന്മയാനന്ദിനെതിരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്ന് നിയമ വിദ്യാര്‍ത്ഥികൂടിയായ യുവതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ചിന്മയാനന്ദിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തീക്കൊളുത്തി മരിക്കുമെന്നും 23കാരിയായ യുവതി ബുധനാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഞാന്‍ മരിക്കാനാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നതെങ്കില്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി മരിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി.