Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡ് ആള്‍ക്കൂട്ടക്കൊല: പ്രതികള്‍ക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി

റാഞ്ചി- ജാര്‍ഖണ്ഡില്‍ മൂന്നു മാസം മുമ്പ് 24കാരനായ തബ്‌രീസ് അന്‍സാരി എന്ന യുവാവിനെ ജയ് ശ്രീറാം വിളികളുമായി ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി. നേരത്തെ ഹൃദയാഘാതം മൂലമാണ തബ് രീസ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി പോലീസ് 11 പ്രതികളെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാക്കി ലഘൂകരിച്ച പോലീസ് നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം ബുധനാഴ്ചയാണ് കൊലക്കുറ്റം ചുമത്തി പോലീസ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് പോലീസ് പറയുന്നത്. കേസിലുള്‍പ്പെട്ട മറ്റു രണ്ടു പ്രതികളുടെ മേലും കൊക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ തബ്‌രീസിനെ ജയ് ശ്രീറാം വിളിപ്പിക്കുകയും ഒരു വൈദ്യുത കാലില്‍ കെട്ടിയിട്ട് ക്രൂരമായി അടിക്കുകയും ചെയ്താണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. കൂട്ടുകാരുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവെ തടഞ്ഞു നിര്‍ത്തി ഏഴു മണിക്കൂറോളം സമയമാണ് ആള്‍ക്കൂട്ടം തബ്‌രീസിനെ ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പോലീസിനു കൈമാറുകയായിരുന്നു.  തലയോട്ടി തകര്‍ന്നുണ്ടായ മാരക പരിക്കാണ് മരണത്തിനു കാരണമായത്. ജാര്‍ഖണ്ഡിലെ സരായ്‌കെല ഖര്‍സവാനില്‍ ജൂണ്‍ 18ന് നടന്ന സംഭവം ഒരു ദൃക്‌സാക്ഷി മൊബൈലില്‍ വിഡിയോ പകര്‍ത്തി പുറത്തുവിട്ടിരുന്നു. ഗുരുതര പരിക്കേറ്റ തബ്‌രീസ് നാലു ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയിലാണ് മരിച്ചത്.
 

Latest News