തമിഴ്‌നാട്ടിലെ പ്രതിഷേധം പിൻവലിച്ചു
ന്യൂദൽഹി- ഒരു രാജ്യം, ഒരു ഭാഷ എന്ന തന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്നാണു പറഞ്ഞത്. ഞാനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണ്. എന്തിലും രാഷ്ട്രീയം കാണുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
അതിനിടെ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡി.എം.കെ തമിഴ്‌നാട്ടിൽ നാളെ നടത്താനിരുന്ന പ്രതിഷേധം പിൻവലിച്ചു. അമിത് ഷായുടെ വിശദീകരണത്തിന് പിന്നാലെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട് ഗവർണർ ബാൻവാരിലാൽ പുരോഹിത് ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിനുമായും മുതിർന്ന നേതാവ് ടി. ആർ ബാലുവുമായും കൂടിക്കാഴ്ച നടത്തി പ്രതിഷേധത്തിൽനിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷാ നയം വ്യക്തമാക്കുക കൂടി ചെയ്തതോടെയാണ് പ്രതിഷേധം പിൻവലിക്കുന്നതായി സ്റ്റാലിൻ അറിയിച്ചത്. അതേസമയം, പ്രതിഷേധം മാത്രമാണ് പിൻവലിച്ചിട്ടുള്ളതെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ഇനിയും എതിർക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.