Sorry, you need to enable JavaScript to visit this website.

ഇസ്രാഈല്‍ തെരഞ്ഞെടുപ്പ്: നെതന്യാഹുവിന് ഭൂരിപക്ഷമില്ല; സഖ്യത്തിനായി നേട്ടോട്ടം

ജറൂസലം- ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യത്തിന് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടു എണ്ണിക്കഴിഞ്ഞ് ബുധനാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യവും മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സിന്റെ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഭൂരിപക്ഷം നഷ്ടമായത് പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയായി. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സഖ്യമുണ്ടാക്കാന്‍ നെതന്യാഹുവിന് ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നെതന്യാഹു യുഎസിലേക്കു പോകുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

120 അംഗ പാര്‍ലമെന്റില്‍ ലിക്കുഡ് സഖ്യത്തിന് 55 സീറ്റാണ് ലഭിച്ചത്. ഗാന്റ്‌സിന്റെ മധ്യ-ഇടതുപക്ഷ സഖ്യത്തിന് 56 സീറ്റും ലഭിച്ചു. 61 അംഗങ്ങളുണ്ടെങ്കിലെ ഏതെങ്കിലും സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയൂ. ഇരു സഖ്യവും ഭൂരിപക്ഷം തികയ്ക്കാന്‍ സഖ്യ രൂപീകരണത്തിന് ശ്രമിച്ചു വരികയാണ്. ഗാന്റ്‌സിനെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള അറബ് പാര്‍്ട്ടികളെ ഉള്‍പ്പെടുത്താതെ ഒരു സയണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞിരുന്നു. 

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മുന്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്റെ യിസ്രായില്‍ ബെയ്‌തെനു പാര്‍ട്ടി കിങ്‌മേക്കറാകുമെന്നാണ് കരുതപ്പെടുന്നത്. ലീബര്‍മാന്‍ പിന്തുണയ്ക്കുന്ന സഖ്യത്തിന് ഭരണം ലഭിച്ചേക്കും. ലീബര്‍മാന്റെ മതേതര, ദേശീയവാദി പാര്‍ട്ടിക്ക് ഒമ്പതു സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം നെതന്യാഹുവിന്റെ പരമ്പരാഗത പങ്കാളികളായ കടുത്ത യാഥാസ്ഥിതിക പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യത്തിനു താല്‍പര്യമില്ലെന്നും ലീബര്‍മാന്‍ വ്യക്തമാക്കിയത് സഖ്യസാധ്യതകളെ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

ലിക്കുഡ് സഖ്യവുമായി ഐക്യസര്‍ക്കാരിനുള്ള സാധ്യത ഗാന്റ്‌സ് തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം അഴിമതി ആരോപണം നേരിടുന്ന നെതന്യാഹു ഉള്ള സര്‍ക്കാരില്‍ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി ഉണ്ടാവില്ലെന്ന് ഗാന്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News