Sorry, you need to enable JavaScript to visit this website.

ടെലികോം, ഐ.ടി സ്വദേശിവല്‍ക്കരണം; സൗദികള്‍ക്ക് 14,000 അവസരങ്ങള്‍

ജിദ്ദ- ടെലികോം, ഐ.ടി മേഖലയിൽ പതിനാലായിരം തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കാനുള്ള സംയുക്ത പദ്ധതിക്ക് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും തുടക്കം കുറിച്ചു. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ നൽകാനുള്ള ജിദ്ദ ലിഖാആത്ത്-2019 ഫോറത്തോടനുബന്ധിച്ചാണ് സംയുക്ത പദ്ധതി ആരംഭിച്ചത്. 
ടെലികോം, ഐ.ടി മേഖലയിലേക്ക് സൗദി ഉദ്യോഗാർഥികളെ ആകർഷിക്കുന്നതിനും പരിശീലനത്തിലൂടെ അവരെ പ്രാപ്തരാക്കി മാറ്റുന്നതിനും ടെലികോം, ഐ.ടി സ്ഥാപനങ്ങൾക്ക് സഹായങ്ങൾ നൽകുമെന്ന് ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ ഹൈഥം അൽഊഹലി പറഞ്ഞു. നാലു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ടെക്‌നിക്കൽ സപ്പോർട്ട് തൊഴിലുകളും രണ്ടാം ഘട്ടത്തിൽ ഡാറ്റാ അനാലിസിസ് തൊഴിലുകളും സൗദിവൽക്കരിക്കുന്നതിന് ഊന്നൽ നൽകും. പ്രൊജക്ട് മാനേജർ, കോൾ സെന്റർ ജീവനക്കാർ എന്നീ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനാണ് മൂന്നും നാലും ഘട്ടങ്ങളിൽ ശ്രമിക്കുകയെന്നും എൻജിനീയർ ഹൈഥം അൽഊഹലി പറഞ്ഞു. 
ഈ മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്കുള്ള പരിശീലന പദ്ധതികൾ ടെക്‌നോളജി മന്ത്രാലയം നടപ്പാക്കുമെന്ന് മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് അൽസുദൈരി പറഞ്ഞു. ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നതിനും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും മാനവശേഷി വികസന നിധി സാമ്പത്തിക സഹായം നൽകും.
 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, പ്രോഗ്രാം ഡെവലപ്‌മെന്റ്, ഗെയിം ഡെവലപ്‌മെന്റ്, ഡാറ്റാ ബേസ്, പ്രോഗ്രാം ക്വാളിറ്റി, ആപ്പ്-നെറ്റ്‌വർക്ക് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് എന്നീ മേഖലകളിലെ തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിന് സഹായങ്ങൾ ലഭിക്കുമെന്നും ഡോ.മുഹമ്മദ് അൽസുദൈരി പറഞ്ഞു. 

 

Latest News