അലിഗഢ്- ഉത്തര്‍ പ്രദേശില അലിഗഢില്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ മുസ്ലിം കുടുംബത്തെ 25ഓളം പേരടങ്ങുന്ന സംഘം തിങ്കളാഴ്ച വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിനു പിന്നില്‍ വര്‍ഗീയതയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കനോജില്‍ നിന്നും അലിഗഢില്‍ വന്നിറങ്ങിയതായിരുന്നു കുടുബം. സംഭവത്തില്‍ പരിക്കേറ്റവരെ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വെ പോലീസ് പറഞ്ഞു. സംഭവത്തില്‍ അലിഗഢ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
സ്റ്റേഷനില്‍ ഇങ്ങിയ ഉടന്‍ ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം തങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. കഴുത്തില്‍ ഒരേപോലുള്ള ഷാളും ഐഡി കാര്‍ഡും ധരിച്ചെത്തിയ ആക്രമികള്‍ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരാണെന്നും കുടുംബം ആരോപിച്ചു. സംഭവം സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ ആക്രമികളെ തടയാന്‍ ശ്രമിക്കാതെ മൊബൈലില്‍ വിഡിയോ പകര്‍ത്തുകയാണ് ചെയ്തതെന്നും കുടുംബം ആരോപിച്ചു. നിലത്തിട്ട് തല്ലിച്ചതച്ചിട്ടും പോലീസ്് രക്ഷയ്‌ക്കെത്തിയില്ലെന്ന് അവര്‍ ആരോപിച്ചു. ആള്‍ക്കൂട്ടം പിരിഞ്ഞു പോയ ശേഷം മാത്രമാണ് പോലീസ് എത്തി പരിക്കേറ്റവരെ മെഡിക്കല്‍ കോളെജിലേക്കു മാറ്റിയത്. ഇവര്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ട്രെയ്‌നില്‍ നിന്നും ഇറങ്ങുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് റെയില്‍വെ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനത്തിനു അലിഗഢിലെ ധര്‍മ സമാജ് മഹാവിദ്യാലയയുമായി ബന്ധമുണ്ടെന്നും അലിഗഢ് യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ ആരോപിച്ചു. ആള്‍ക്കൂട്ട മര്‍ദനം നടത്തി ആശങ്ക പടര്‍ത്താനാണ് ശ്രമം. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുകയാണെന്നും ഒരു മതവും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പി്കകുന്നില്ലെന്നും ആരും പിന്തുണയ്ക്കരുതെന്നും വിദ്യാര്‍ത്ഥി നേതാവ് പറഞ്ഞു.