റിയാദ്- തലസ്ഥാന നഗരിയിലും പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരികയായിരുന്ന മൂന്ന് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കേസുകളിൽ പ്രതികളായ യെമൻ വംശജരാണ് പിടിയിലായതെന്ന് പ്രവിശ്യാ പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ ബിൻ സുലൈമാൻ അൽതുവൈജിരി അറിയിച്ചു.
പ്രതികൾ 20 നും 30 നും മധ്യേ പ്രായമുള്ളവരാണ്. ഓഫീസുകൾ, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പൂട്ട് തകർത്ത് അകത്തുകയറി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് സ്ഥലം വിടുകയായിരുന്നു സംഘത്തിന്റെ രീതി. തെളിവെടുപ്പിൽ ഇവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിൽ അധികം റിയാലിന്റെ വസ്തുക്കൾ പ്രതികൾ കവർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു.