ന്യൂദൽഹി- ഇന്ത്യയിലെ രാഷ്ട്രപതിയെ തീരുമാനിക്കുന്നത് ശതകോടീശ്വരൻമാരും ക്രിമിനൽ കേസ് പ്രതികളും. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് പ്രണബ് മുഖർജിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുക. 4896 ജനപ്രതിനിധികളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. എൻഡിഎയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി മുൻ ലോക്‌സഭാ സ്പീക്കറായിരുന്ന മീരാകുമാറും തമ്മിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം. എന്നാൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിൾ 33 % ആളുകളും ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നവരാണ്. 71 ശതമാനം ആളുകൾ കോടിപതികളും. ഇവർ തന്നെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് ഇത് വ്യക്തമായത്. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് എന്നിവ നടത്തിയ പഠനത്തിലാണ് കണക്കുകൾ വ്യക്തമായത്.
സത്യവാങ്മൂലം പരിശോധിച്ചതിൽ നിന്നും വ്യക്തമായ കണക്കാണിത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പു വേളകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളാണ് പരിശോധിച്ചത്. 1581 ജനപ്രതിനിധികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോക്‌സഭാ എംപിമാരിൽ 34 ശതമാനത്തിന് എതിരെയും കേസ് ഉണ്ട്. എംഎൽഎമാരിൽ 33 ശതമാനത്തിന് എതിരെയും രാജ്യസഭാ എംപിമാരിൽ 19 ശതമാനത്തിനെതിരെയും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ലോക്‌സഭാ എംപിമാരിൽ 22 ശതമാനം പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിൽ 33 ശതമാനം ആളുകളും ശതകോടീശ്വരൻമാരാണ്. ലോക്‌സഭയിലെ 82 ശതമാനം എംപിമാരും നിയമസഭയിലെ 68 ശതമാനം എംഎൽഎമാരും കോടിപതികളാണ്.