കുന്നുകളുടെ കൂമ്പാരവും നിഗൂഢമായ കാനനഭംഗിയും കൊണ്ട് സമ്പന്നമായകേരളത്തിലെ കൊടൈക്കനാലായ പൈതൽമല വിനോദസാഞ്ചാരികൾക്ക് എന്നെന്നും ഓമനിക്കാനുള്ള മനോഹര തീരമാണ്. ആകാശംമുട്ടെ ഉയരത്തിലുള്ള കുന്നിൻ മുകളിൽനിന്ന് പാറിപ്പറക്കുന്ന കോടമഞ്ഞും ചാറി പെയ്യുന്ന മഴയും ചേർന്ന് ഒരുക്കുന്നമനോഹര ദൃശ്യങ്ങൾ മണിക്കൂറുകളോളംആസ്വദിച്ചാണ് അവധിക്കാലം ചെലവഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ മടങ്ങുന്നത്. ആറു കിലോമീറ്റർ ട്രക്കിംഗ് കഴിഞ്ഞ് 4500 അടി ഉയരത്തിലുള്ള പുൽമേടും ചുറ്റുമുള്ള സംരക്ഷിതവനങ്ങളും അപൂർവങ്ങളായ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഔഷധ സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. ഏഴിമല മൂഷിക വംശത്തിൽപ്പെട്ട ആദിവാസ രാജാവായ പൈതൽ കോന്മാരുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ പൈതൽമലയിലെ വിശേഷപ്പെട്ട കാഴ്ചാനുഭവമാണ്. ഉത്തരകേരളത്തിൽനിന്ന് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ പൈതൽമലയുടെ സൗന്ദര്യം നുകരാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മലയിലേക്കുള്ള വഴിത്താരകളുംമലയടിവാരത്തിലെതട്ട് തട്ടുകളായ ഏഴ് വലിയ കുഴികളും പകുതിയിൽ നിന്ന് മുറിച്ചതുപോലുള്ള മറ്റൊരു കുഴിയും ചേർന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടവുംഅതിരപ്പിള്ളിയെ പോലെ ആകർഷകമാണ്. ഈ വർഷം ജനുവരിയിൽ പൈതൽമലയ്ക്കടുത്ത പൊട്ടൻ പ്ലാവിൽ കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആരംഭിച്ച വിനോദ സഞ്ചാര കേന്ദ്രം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. കുത്തനെയുള്ള കൊടുമുടിയിൽ പെയ്യുന്ന മഴവെള്ളം ആർത്തുലച്ച് ഒഴുകുന്ന കാഴ്ചയാണ് പ്രധാനം. കരിങ്കൽ പാറകളിൽ വീഴുന്ന വെള്ളം ചെറുകുഴികൾ ഉണ്ടാക്കും. ക്രമേണ ചുഴികളിൽ രൂപപ്പെടുന്ന കുഴികളിൽ ഒഴുകിയെത്തുന്ന കരിങ്കൽ കഷ്ണങ്ങൾ കുഴികളിൽ തങ്ങിനിൽക്കുകയും വട്ടം കറങ്ങി വിസ്തൃതമായ കുണ്ടുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഏഴരക്കുണ്ടിന്റെ ഭൂമി ശാസ്ത്രം നാടിന്റെ നാനാഭാഗങ്ങളിലുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യമായ പഠനാനുഭവമാണ് സമ്മാനിക്കുന്നത്. വടക്കൻ കേരളത്തിലെ സഞ്ചാരികൾ യാത്രകൾ നടത്തുന്നതിന്ആദ്യം തെരഞ്ഞെടുക്കുന്നതും പൈതൽമലയുടെ ദൃശ്യഭംഗിയാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല പൈതൽമലയുടെ മനോഹാരിതയെന്നും എന്നെന്നും ഓർമ്മകളിൽ സൂക്ഷിച്ചുവെക്കാനുള്ള വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും താഴ്വരയാണതെന്നും സ്ഥിരമായി പഠന യാത്രകൾക്ക് നേതൃത്വം നൽകാറുള്ള പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു.