ഭോപാല്‍- ചിക്കനും പശുവിന്‍ പാലും ഒരു കടയില്‍ വില്‍ക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇതു നിര്‍ത്താന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനം. ഒരു വിഭാഗം എതിര്‍ത്തതിനാല്‍ ചിക്കനും പശുവിന്‍ പാലും വ്യത്യസ്ത പാര്‍ലറുകളിലായി വില്‍ക്കാന്‍ തീരുമാനിച്ചതായി മൃഗ സംരക്ഷണ വകുപ്പു മന്ത്രി ലഖന്‍ സിങ് യാദവ് പറഞ്ഞു. ജബുവ, അലിരാജ്പൂര്‍ ജില്ലകളിലെ ആദിവാസി വനിതകളുടെ സഹകരണ സംഘങ്ങള്‍ വളര്‍ത്തുന്ന സവിശേഷ കദക്‌നാഥ് ഇനം കോഴികള്‍ക്ക് വിപണിയൊരുക്കാനായി ഒരു മാസം മുമ്പാണ് ഭോപാലില്‍ മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് ഒരു പാര്‍ലര്‍ തുറന്നത്. ചിക്കന്‍ പാര്‍ലര്‍, മില്‍ക് പാര്‍ലര്‍ എന്ന പേരില്‍ രണ്ടു വില്‍്പ്പന കേന്ദ്രങ്ങളും ഒന്നിച്ചാണ് സ്ഥാപിച്ചത്. ഇവ രണ്ടും നിശ്ചിത അകലത്തില്‍ മാറ്റി സ്ഥാപിക്കുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഈ പാര്‍ലറില്‍ കോഴിയും പശുവിന്‍ പാലും ഒന്നിച്ചു വില്‍ക്കുന്നത് മത വികാരം വ്രണപ്പെടുത്തുമെന്ന പരാതിയുമായി ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ രംഗത്തെത്തിയിരുന്നു. ഹിന്ദു, ജൈന, ബുദ്ധ, സനാതന ധര്‍മ വിശ്വാസികള്‍ പശുവിന്‍ പാലിന് സവിശേഷ പ്രാധാന്യം നല്‍കുന്നവരാണ്. ഒരിടത്തു തന്നെ പാലും കോഴിയും വില്‍ക്കുന്നത് ഇവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ദുര്‍ഗ ആഘോഷങ്ങള്‍ക്കു മുമ്പായി സര്‍ക്കാര്‍ ഇതു ഒരിടത്തു വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ശര്‍മ ആവശ്യപ്പെട്ടിരുന്നു.