ജയ്പൂര്‍- രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎല്‍എമാരും പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രിന് 106 അംഗങ്ങളായി. പാര്‍ട്ടി എംഎല്‍എമാര്‍ മുഴുവനും വിട്ടത് കോണ്‍ഗ്രസിനോട് കൊമ്പു കോര്‍ക്കുന്ന ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖന്‍ സിങ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബറില്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ കൂടുമാറ്റം. മുഖ്യമന്ത്രി അശോക് ഘെഹ്ലോട്ടുമായി ബന്ധപ്പെട്ട ബിഎസ്പി എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിയെ കണ്ട് തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ എല്ലാ അംഗങ്ങളും ഒന്നിച്ചു വിട്ടതോടെ കൂറുമാറ്റ വിരുദ്ധ നിയമത്തേയും ഇവര്‍ക്ക് മറികടക്കാനായി.
വര്‍ഗീയ ശക്തികളോട് പൊരുതാനും സംസ്ഥാനത്തിന്റെ വികസനത്തിനും സര്‍ക്കാരിന്റെ സ്ഥിരതയ്ക്കും വേണ്ടിയാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് രാജേന്ദ്ര ഗുഡ് പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്റെ പാര്‍ട്ടി പണം ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ബിഎസ്പിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നു.