ന്യൂദല്‍ഹി- ബാബ്‌രി ഭൂമി തര്‍ക്ക കേസിലെ വാദം തത്സമയം സംപ്രേഷണം ചെയ്യാന്‍ സാധ്യമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.
സുപ്രീം കോടതി രജിസ്ട്രിയോടാണ് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
കേസില്‍ താല്‍പര്യമുള്ള രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാദം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ലൈവ് ടെലകാസ്റ്റിങ് അനിവാര്യമാണെന്നും ഗോവിന്ദാചാര്യയുടെ അഭിഭാഷകന്‍ വികാസ് സിങ് വാദിച്ചു. ലൈവ് ടെലകാസ്റ്റിങ് ഈ ഘട്ടത്തില്‍ സാധ്യമല്ലെങ്കില്‍ നടപടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയെങ്കിലും വേണമെന്ന് വികാസ് സിങ് വാദിച്ചു. തുടര്‍ന്ന് ലൈവ് ടെലകാസ്റ്റിങ് നടപ്പാക്കാനാവുമോ ഇല്ലയോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.