അമരാവതി- ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഗോദാവരി നദിയില്‍ ബോട്ടു മുങ്ങി 12 പേര്‍ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. ബോട്ടില്‍ 63 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നാ്്ട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ രണ്ടു സംഘങ്ങള്‍ എത്തി. ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാപികൊണ്ടലു താഴ്‌വരയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റുകളാണ് ബോട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിയായിരുന്നു അപകടം. അമരാവതിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ദേവിപട്ടണത്തിനു സമീപം കച്ചുലുരുവിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവരെല്ലാം തെലങ്കാനയില്‍ നിന്നുള്ളവരാണ്.
പാറയില്‍ ഇടിച്ചാണ് ബോട്ട് മറിഞ്ഞത്. രണ്ട് ബോട്ട് ഡ്രൈവര്‍മാരും മരിച്ചു. വെള്ളപ്പൊക്കം കാരണം നല്ല ഒഴുക്കുള്ള ഗോദാവരിയില്‍ വിനോദ യാത്രാ ബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയും ദുഃഖം രേഖപപെടുത്തി.