കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായ്, ഷാർജ മേഖലയിലേക്ക് ഇന്നലെ എയർഇന്ത്യ വിമാനങ്ങൾ പറന്നത് ചരക്ക് കയറ്റുമതിയില്ലാതെ. എയർഇന്ത്യ ഇന്നലെ മുതൽ സർചാർജ് നിരക്ക് ഉയർത്തിയതോടെയാണ് രണ്ടിടങ്ങളിലേക്കുമുളള വിമാനങ്ങളിൽ കാർഗോ കയറ്റുമതി ഏജൻസികൾ നിർത്തിവെച്ചത്. ഇതോടെയാണ് യാത്രക്കാരുമായി മാത്രം വിമാനങ്ങൾ പുറപ്പെട്ടത്. 15 ടണ്ണിലധികം കാർഗോയാണ് ഒറ്റയടിക്ക് ഇന്നലെ ഏജൻസികൾ നിഷേധിച്ചത്. എയർഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എയർഇന്ത്യ അധികൃതരുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടിനും, ഏകപക്ഷീയമായ സർചാർജ് വർധനവിനുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഒരു കിലോ കാർഗോയ്ക്ക് ദുബായ്, ഷാർജ മേഖലയിലേക്ക് മാത്രം 11 രൂപയാണ് എയർഇന്ത്യ സർചാർജ് ഒറ്റയടിക്ക് ഉയർത്തിയത്. 42 രൂപയാണ് വിമാന കമ്പനികൾ ഈടാക്കി വരുന്നത്. ഈ നിരക്കാണ് ഇന്നലെ മുതൽ കിലോയ്ക്ക് 53 രൂപയായി ഉയർത്തിയത്.
നഷ്ടം സഹിച്ച് എയർഇന്ത്യ വിമാനങ്ങളിൽ കാർഗോ അയക്കേണ്ടതില്ലെന്നാണ് ഏജൻസികളുടെ തീരുമാനം. ഇതു സംബന്ധിച്ച് കാലിക്കറ്റ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഇന്ന് എയർഇന്ത്യ കോഴിക്കോട് സ്‌റ്റേഷൻ മാനേജറെ കണ്ട് പ്രതിഷേധം അറിയിക്കുന്നുണ്ട്. ഇന്ന് കോഴിക്കോട് എം.ഡി.എഫ് നടത്തുന്ന എയർഇന്ത്യ ഓഫീസ് ഉപരോധത്തിലും പ്രധാന വിഷയങ്ങളിൽ ഒന്ന് കാർഗോ സർചാർജ് വർധനവാണ്.
കരിപ്പൂരിൽ നിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കോ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നോ എയർഇന്ത്യ പുതിയ സർചാർജ് നിരക്ക് ഉയർത്തിയിട്ടില്ല. യു.എ.ഇയിൽ ഉൾപ്പെടുന്ന അബുദാബിയിലേക്കും നിരക്ക് വർധനവില്ല. കരിപ്പൂരിൽ നിന്ന് ദിനേന അഞ്ച് വിമാനങ്ങളാണ് ദുബായിലേക്കും, ഷാർജയിലേക്കും എയർഇന്ത്യ നടത്തുന്നത്. ഓരോ വിമാനത്തിലും മൂന്ന് ടൺ പഴം-പച്ചക്കറി ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഷാർജയിലേക്കും, ദുബായിലേക്കുമുളള മറ്റു വിമാന, വിദേശ വിമാന കമ്പനികളൊന്നും നിരക്ക് ഉയർത്തിയിട്ടുമില്ല. കടുത്ത സാമ്പത്തിക നഷ്ടം സഹിച്ച് ഉയർന്ന നിരക്കിൽ കാർഗോ കയറ്റി അയക്കുന്നതിനിടയിലാണ് എയർ ഇന്ത്യയുടെ സർചാർജ് നിരക്ക് കയറ്റുമതി ഏജൻസികൾക്ക് കനത്ത തിരിച്ചടിയായത്. തുടർന്നാണ് നഷ്ടം സഹിച്ച് എയർഇന്ത്യ വിമാനങ്ങളിൽ കാർഗോ അയക്കേണ്ടതില്ലെന്ന് ഏജൻസികൾ തീരുമാനിച്ചത്. എയർഇന്ത്യയുടെ എ.ഐ-937, എ.ഐ-997, എയർഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്-343, ഐ.എക്‌സ്-345, ഐ.എക്‌സ്-351 എന്നീ വിമാനങ്ങളിലുളള കാർഗോ കയറ്റുമതിയാണ് ഏജൻസികൾ നിർത്തിവെച്ചത്. പ്രതിഷേധം വ്യാപകമായതോടെ തീരുമാനം എയർഇന്ത്യ അധികൃതർ പുനഃപരിശോധിക്കുമെന്നാണ് കരുതുന്നത്.