ബലിയ- അസം പൗരത്വ രജിസ്‌ട്രേഷനെക്കുറിച്ചുള്ള ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വിമര്‍ശനങ്ങളെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ. ഇങ്ങനെപോയാല്‍ മമത ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എം.എല്‍.എയായ സുരേന്ദ്ര സിങ് പറഞ്ഞത്.
ബംഗ്ലാദേശികളെ സംസ്ഥാനത്തു നിലനിര്‍ത്തി രാഷ്ട്രീയം കളിക്കാനാണു മമതയ്ക്കു താത്പര്യമെങ്കില്‍, അതിനവര്‍ക്കു ധൈര്യമുണ്ടെങ്കില്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുമെന്നായിരുന്നു സിങ്ങിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി നടത്തിയ മികച്ച പ്രകടനം സൂചിപ്പിച്ചുകൊണ്ടായിരുന്നു സിങ്ങിന്റെ പ്രസ്താവന.
'മമതാ ബാനര്‍ജി ഇന്ത്യക്കാരിയാണ്. അതുകൊണ്ട് ഇവിടെക്കഴിയാം. പക്ഷേ ദേശദ്രോഹ നയങ്ങളില്‍ ആകൃഷ്ടരായാല്‍ പി. ചിദംബരം അനുഭവിക്കുന്നതു പോലെ പാഠം പഠിക്കും. വിദേശികള്‍ അഭയാര്‍ഥികളായി കടന്നു വന്ന് ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ബി.ജെ.പി ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ല.' അദ്ദേഹം പറഞ്ഞു.
ലങ്കയിലെ ജനങ്ങള്‍ ഹനുമാന്‍ ജിയെ അങ്ങോട്ട് പ്രവേശിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രവേശിച്ചു. അതുപോലെയാണ്, യോഗിയും അമിത് ഷായും ബംഗാളില്‍ക്കയറി സീറ്റുകള്‍ നേടി. മമതയാണു ബംഗാളിന്റെ ലങ്കിണി. രാമന്‍ അവിടെ തുടക്കം കുറിച്ചുകഴിഞ്ഞു. ഇനി സര്‍ക്കാരില്‍ മാറ്റമുണ്ടാകും.' സിങ് പറഞ്ഞു. ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ കഴിഞ്ഞദിവസം മമത നോര്‍ത്ത് കൊല്‍ക്കത്തയില്‍ റാലി നടത്തിയിരുന്നു. എന്‍.ആര്‍.സിയുടെ പേരില്‍ തീകൊണ്ടു കളിക്കരുതെന്നായിരുന്നു മമത ബി.ജെ.പിക്കു നല്‍കിയ മുന്നറിയിപ്പ്. താന്‍ ജീവനോടെയുള്ള കാലം വരെ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞിരുന്നു.