മനില- ഏതെങ്കിലും സേവനത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജീവനക്കാരെ കൈക്കൂലി ചോദിച്ചാല്‍ അവരെ ഉടന്‍ വെടിവെക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെത്രെയുടെ പരസ്യ ആഹ്വാനം. വെടിവെക്കാം പക്ഷെ കൊല്ലരുതെന്നും അദ്ദേഹം പറഞ്ഞു. ബതാന്‍ പ്രവിശ്യയില്‍ പ്രസംഗിക്കുന്നതിനിടെ നടത്തിയ ഈ പരാമര്‍ശം വിവാദമായിരിക്കുകയാണ്. കൈക്കൂലി വാങ്ങുകയോ ചോദിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടിക്കുകയോ കാലില്‍ വെടിവെക്കുകയോ ചെയ്യണമെന്നാണ് ദുതെത്രേ പ്രസംഗിച്ചത്. കൊല്ലപ്പെടാത്തിടത്തോളം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്നും പ്രസിഡന്റ് പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൊല്ലരുതെന്ന് അദ്ദേഹം പ്രത്യേകം പറയുകയും ചെയ്തു.
നികുതി അടക്കാനോ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചാല്‍ അവരെ അടിക്കണം. കയ്യില്‍ ആയുധം ഉണ്ടെങ്കില്‍ കാലിനു നോക്കി വെടിവെക്കുക. പക്ഷെ കൊല്ലരുത്. കൊല്ലപ്പെട്ടാന്‍ നിയമം മാപ്പുനല്‍കില്ല. കാലില്‍ മാത്രം വെടിവെക്കുക. അത് പരിക്കേല്‍പ്പിക്കുക മാത്രമെ ചെയ്യൂ. ഈ കുറ്റത്തിന് നീരീക്ഷണത്തിനു വിധേയരാകേണ്ടി വരും. പ്രോബേഷന്‍ ഓഫീസറുടെ അടുത്തു പോയി ഒപ്പിടേണ്ടി വരുമെന്നേയുള്ളൂ. എങ്കിലെന്താ, ഒരു കള്ളനെ നിങ്ങള്‍ വെടിവെച്ചില്ലെ. നിങ്ങളെ രക്ഷിക്കാന്‍ ഞാനുണ്ടാകും- ദുതെത്രെ പറഞ്ഞു.
ഫിലിപ്പീന്‍സിലെ പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അസാധാരണ പരിഹാരം നിര്‍ദേശിക്കുന്ന 74കാരനായ ദുതെത്രെ ഇടക്കിടെ വാര്‍ത്തകളില്‍ കിറുക്കന്‍ പ്രസ്താവനകളുമായി നിറയുന്ന ആളാണ്.