ന്യൂദല്‍ഹി- യുഎന്‍ ജനറല്‍ അസംബ്ലിക്കു മുന്നോടിയായി യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പൊതുറാലിയില്‍ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് റിപോര്‍ട്ട്. ഇതു സംബന്ധിച്ച് വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പ് ഉടനുണ്ടാകും. സെപ്തംബര്‍ 22നാണ് ഹൂസ്റ്റണില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള മോഡിയുടെ റാലി. 2015ല്‍ ലണ്ടനില്‍ നടന്ന മോഡിയുടെ റാലിയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പങ്കെടുത്തതു പോലെ യുഎസില്‍ ട്രംപും റാലിക്കെത്തുമെന്നാണ് റിപോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനുള്ള പിന്തുണയായും ഈ പരിപാടിയെ കാണാമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം തൂക്കമൊപ്പിക്കാന്‍ മോഡിയുടെ റാലിയില്‍ ഒരു മുതിര്‍ന്ന ഡെമോക്രാറ്റ് പാര്‍ട്ടി നേതാവും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.
ഹൂസ്റ്റണില്‍ യുഎസ് ഊര്‍ജ കമ്പനികളുടെ സിഇഒമാരുമായി മോഡി വട്ടമേശ ചര്‍ച്ചയും നടത്തുന്നുണ്ട്. യുഎസില്‍ നിന്നും ഊര്‍ജ ഇറക്കുമതി കൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ പശ്ചാത്തലത്തിലാണിത്.
നിലവിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാറും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഉഭയകക്ഷി ബന്ധത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ കരാര്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മോഡിയുടെ സന്ദര്‍ശന വേളയില്‍ ഈ കരാറിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെപ്തംബര്‍ 21നാണ് മോഡി യുഎസിലെത്തുക. യുഎന്‍ സമ്മേളനത്തില്‍ വിവിധ രാഷ്ട്രനേതാക്കളുമായി മോഡി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സെപ്തംബര്‍ 27നാണ് മോഡിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്നത്. കശ്മീരില്‍ വിഷയത്തില്‍ ഇരു രാഷ്ട്രങ്ങലും യുഎന്നില്‍ കൊമ്പു കോര്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള വന്‍ശക്തികളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിക്കുമെന്നാണ് സൂചന.