ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെ ഒരു വളര്‍ത്തു പട്ടി ചത്തതിനെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്കെതിരേ കേസെടുത്ത നടപടി പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. 11 മാസം പ്രായമായ ഹസ്‌കി എന്ന പട്ടിയാണ് പനിയും ശ്വാസംമുട്ടലും കാരണം ബുധനാഴ്ച ചത്തത്. ഡോക്ടര്‍മാര്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇതോടെ ചികിത്സ നടത്തിയ ഡോ. ലക്ഷ്മി, ഡോ. രഞ്ജിത് എന്നിവര്‍ക്കെതിരെ പട്ടിയുടെ പരിപാലകന്‍ ആസിഫ് അലി ഖാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറ്റകരമായ അനാസ്ഥ കാട്ടിയെന്നാണ് ആരോപണം. മൃഗത്തെ കൊന്നതിന് ഐപിസി സെക്ഷന്‍ 429, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 11ാം വകുപ്പ് എന്നിവ ചുമത്തി ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തതായി ബന്‍ജാര ഹില്‍സ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബി.ഡി നായിഡു പറഞ്ഞു.
സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ കാരണം തെലങ്കാനയില്‍ ഡെങ്കിപ്പനി മരണങ്ങള്‍ തുടരുമ്പോള്‍ ഇതൊരു ക്രൂര തമാശ ആണെന്ന് ബിജെപി ആരോപിച്ചു. പട്ടിയോട് കാണിക്കുന്ന അനുകമ്പയുടെ മനുഷ്യരോട് കാണിച്ചിരുന്നെങ്കില്‍ ഡെങ്കിപ്പനി ബാധിച്ച് പാവപ്പെട്ട ധാരാളം കുട്ടികള്‍ മരിക്കില്ലായിരുന്നുവെന്ന് ബിജെപി വക്താവ് കൃഷ്ണ സാഗര്‍ പറഞ്ഞു.