ഹൈദരാബാദ്- ഹൈദരാബാദിലെ പ്രശസ്ത വനിതാ കോളെജായ സെന്റ് ഫ്രാന്‍സിസ് കോളെജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വസ്ത്രധാരണ ചട്ടം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി വിവാദം. ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതലാണ് കോളെജ് വിലക്കേര്‍പ്പെടുത്തിയത. ഇറക്കമുള്ള കുര്‍ത്തി ധരിക്കണമെന്നാണ് ചട്ടം. മുട്ടിനു താഴെ ഇറക്കമില്ലാത്തതും കയ്യില്ലാത്തതുമായ വസ്ത്രങ്ങള്‍ കാമ്പസില്‍ ധരിക്കാന്‍ പാടില്ല. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതിയില്ല. ഇതുമൂലം നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ പുറത്താണ്. നിര്‍ബന്ധിത വസ്ത്രധാരണ ചട്ടത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്. കാലഹരണപ്പെട്ടതും പിന്തിരിപ്പന്‍ ഉത്തരവുമാണിതെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.
ഇക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ നല്ല വിവാഹാലോചനകള്‍ വരുമെന്നാണ് ഇതു ചോദ്യം ചെയ്തപ്പോള്‍ കോളെജ് അധികൃതര്‍ നല്‍കിയ മറുപടിയെന്ന് വിദ്യാര്‍ത്ഥി പ്രതിനിധകള്‍ പറയുന്നു. പ്രതിഷേധിക്കുന്നത് ദൈവ നിന്ദയാണെന്നും കോളെജ് അധികൃതര്‍ പറഞ്ഞതായി പൂര്‍വവിദ്യാര്‍ത്ഥി സനോബിയ തുംബി ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
മുട്ടുവരെ മാത്രം ഇറക്കമുള്ള കുര്‍ത്തി ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ എല്ലാദിവസവും അവഹേളിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്. വസ്ത്രത്തിന്റെ ഇറക്കം അളക്കാന്‍ കോളെജ് വനിതാ സെക്യൂരിട്ടി ഗാര്‍ഡുമാരേയും നിയോഗിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച പ്രകടനം നടത്താന്‍ ഒരുങ്ങുകയാണ്.