ബംഗളൂരു- ഹിന്ദിയെ രാജ്യത്തിന്റെ പൊതുഭാഷയാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടുവെച്ച ഒരു രാഷ്ട്രം, ഒരു ഭാഷ നിര്‍ദേശത്തിനെതിരെ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം. നിരവധി കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവിലും കര്‍ണാടകയിലെ മറ്റ് സ്ഥലങ്ങളിലും തെരുവിലിറങ്ങി.
ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും നിരവധി നേതാക്കള്‍ ബി.ജെ.പി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിര്‍ദേശത്തിനെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്ഷായും ഹിന്ദി അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം തുടരുകയാണ്.
#StopHindiImperialism #StopHindiImposition #MakeMyLanguageOfficial പോലുള്ള ഹാഷ്ടാഗുകളലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായാണ് അമിത് ഷാ ഭാഷാ വിവാദത്തിനു തുടക്കമിട്ടത്.
ഇന്ത്യ വിവിധ ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് രാജ്യത്തെ ഒന്നിപ്പിക്കുന്ന കടമ നിര്‍വഹിക്കാന്‍ കഴിയുമെങ്കില്‍ അത് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്കാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യക്കാര്‍ മാതൃഭാഷയായ ഹിന്ദി ഭാഷാ ഉപയോഗം കൂട്ടണമെന്നും മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു. ഭാഷാ സമരത്തിന് ഒരുക്കമാണെന്ന് ഡി.എം.കെ വ്യക്തമാക്കി.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡി.എം.കെ പ്രസിഡന്റ് സ്റ്റാലിന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ മറ്റേതൊരു ഭാഷയേയും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദി ദേശീയ ഭാഷയാണെന്ന തെറ്റായ വിവരങ്ങള്‍ കേന്ദ്രം പ്രചരിപ്പിക്കുകയാണ്. ഹിന്ദി ദിനാചരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡയെപ്പോലെ രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നു മാത്രമാണ് ഹിന്ദിയെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ഭാഗമാണെന്നും ഒരു ദേശീയ കന്നഡ ദിവസ് എന്നാണ് ആഘോഷിക്കുകയെന്നും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു.
ഹിന്ദി എല്ലാ ഇന്ത്യക്കാരുടേയും മാതൃഭാഷ അല്ലെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. വ്യത്യസ്ത ഭാഷയിലുള്ള വൈവിധ്യത്തെയും സൗന്ദര്യത്തെയും എന്തുകൊണ്ട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.