ന്യൂദൽഹി- സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികളുമായി ധനമന്ത്രി നിർമല സീതാരാമൻ. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാൻ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്നും കൂടുതൽ മെച്ചപ്പെടുത്താൻ ഉത്തേജക പദ്ധതികളും പ്രഖ്യാപിച്ചു. നികുതി നൽകാനുള്ള നടപടികൾ സുതാര്യമാക്കി ഓൺലൈൻ സംവിധാനം വിപുലമാക്കും. ചെറിയ നികുതി പിഴവുകൾക്ക് ശിക്ഷ ഒഴിവാക്കും. കയറ്റുമതി ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.
നികുതി പരിഷ്‌കരണ നടപടികൾ ഉടൻ ഉണ്ടാകും. ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നത്. ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചർച്ച നടത്തും. ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കും. 2020 ജനുവരി 1 മുതൽ ടെക്‌സ്‌റ്റൈൽ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.