Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപം: റിലയന്‍സിന്  ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

മുംബൈ- വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരില്‍ ഏറ്റവും വലിയ സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് മാര്‍ച്ചില്‍ നോട്ടീസ് നല്‍കിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോട്ടീസിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിന്റെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ . 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.
2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍പ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്.
മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ തുക ആത്യന്തികമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹോള്‍ഡിങ്ങ്‌സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ കമ്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റര്‍പ്രൈസസാണ്.
എന്നാല്‍ ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 

Latest News