ന്യൂദല്‍ഹി- അസമില്‍ പൗരത്വ പരിശോധനയ്ക്കി വിധേയരായ 3.30 കോടി പേരുടെ വ്യക്തിഗത അന്തിമ സ്ഥിതി ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. പേരുകള്‍ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചവര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിക്കാം. ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു. ഇവരില്‍ പൗരന്മാരായി അംഗീകരിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അപ്പീല്‍ നല്‍കിയവരെ എല്ലാം ഒഴിവാക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ സ്റ്റാറ്റസും ഈ പട്ടികയില്‍ പരിശോധിക്കാം.
ജൂലൈയില്‍ പ്രസിദ്ധീകരിച്ച കരട് പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഇത് 19 ലക്ഷമായി കുറഞ്ഞു. ഇവര്‍ക്ക് വരും മാസങ്ങളില്‍ പൗരത്വം തെളിയിക്കാന്‍ കോടതി കയറേണ്ടി വരും. കോടതിയില്‍ തെളിയിക്കാനായില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച് ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ അടക്കാനാണു സര്‍ക്കാര്‍ പദ്ധതി.