മക്ക- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിൽ മക്കയിൽ സമാപിച്ച 41-മത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ, മനഃപാഠ മത്സരത്തിൽ ഇന്ത്യയിൽനിന്നുള്ള ഷഹീൻ ഹംസക്ക് പത്താം റാങ്ക്. 87.2 ശതമാനം മാർക്ക് വാങ്ങിയാണ് ഷഹീൻ വിജയിച്ചത്. മദീനയിൽ നടന്ന ചടങ്ങിലാണ് വ്യക്തിഗത സ്കോർ പ്രഖ്യാപിച്ചത്. 103 രാജ്യങ്ങളിൽ നിന്നുള്ള 146 മത്സരാർഥികൾ മക്കയിൽ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പങ്കെടുത്തു. ഇക്കൂട്ടത്തിൽ നിന്ന് മലയാളിയായ എടത്തനാട്ടുകര സ്വദേശി ഷഹീൻ ഉൾപ്പെടെ 84 പേർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.