Sorry, you need to enable JavaScript to visit this website.

പേരു കാരണം റഷ്യക്കാര്‍ തുറിച്ചു നോക്കിയെന്ന് സ്റ്റാലിന്‍; മക്കള്‍ക്ക് തമിഴ് പേരു മതി

ചെന്നൈ- യൂറോപ്പില്‍ ഏറ്റവും കിരാത ഭരണം കാഴ്ച വെച്ച ഏകാധിപതി സ്റ്റാലിന്റെ പേര് ഇന്ത്യയില്‍ ഒരിക്കലും പ്രശ്‌നമായില്ലെങ്കിലും അതിന്റെ ദുരന്തം റഷ്യയില്‍ അനുഭവിച്ചിരുന്നുവെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍.

മക്കള്‍ക്ക് തമിഴ് പേരുകള്‍ തന്നെ മതിയെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സ്റ്റാലിന്‍ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ചത്.
റഷ്യന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ അവര്‍ എന്റെ പേരു ചോദിച്ചു. സ്റ്റാലിന്‍ എന്നു പറഞ്ഞതോടെ തുറിച്ചുനോട്ടമായി. പാസ്‌പോര്‍ട്ടില്‍ സ്റ്റാലിന്‍ എന്ന പേരു കണ്ട അധികൃതര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചത്-അദ്ദേഹം പറഞ്ഞു. 1989 ലാണ് അസംബ്ലി കമ്മിറ്റിയുടെ ഭാഗമായി സ്റ്റാലന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നത്.
ഡി.എം.കെ ഭാരവാഹിയുടെ വിവാഹ ചടങ്ങിനെത്തിയപ്പോഴാണ് പേരിടുമ്പോള്‍ സൂക്ഷിക്കണമെന്നും തമിഴ് പേര് മതിയെന്നും സ്റ്റാലിന്‍ ഉണര്‍ത്തിയത്.
സോവിയറ്റ് യൂനിയനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ജോസഫ് സ്റ്റാലിനെ റഷ്യയില്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്ന് ഡി.എം.കെ നേതാവ് പറഞ്ഞു.
പേരു കാരണം ചെന്നൈയിലെ ചര്‍ച്ച് പാര്‍ക് സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നഷ്ടമായ കാര്യവും സ്റ്റാലിന്‍ അനുസ്മരിച്ചു. പേരു മാറ്റിയാല്‍ മാത്രമേ പ്രവേശനം നല്‍കാനാകൂ എന്നാണ് പ്രിന്‍സിപ്പല്‍ തന്റെ സഹോദരിയോട് പറഞ്ഞതെന്ന് അദ്ദേഹം ഓര്‍മിച്ചു.
മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റുമായ എം. കരുണാനിധി ബോധപൂര്‍വം തന്നെയാണ് മകന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരിട്ടത്. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനോടൊപ്പം നിന്നിരുന്ന ഇന്ത്യയില്‍ റഷ്യന്‍ പേരുകള്‍ അക്കാലത്ത് അപൂര്‍വമല്ലായിരുന്നു. സ്റ്റാലിനു പുറമെ ലെനിനെന്നും ട്രോട്‌സ്‌കിയെന്നും പ്രാവ്ദയെന്നും മക്കള്‍ക്ക് പേരിട്ടവരുണ്ട്. ദക്ഷിണേന്ത്യയിലാണ് ഇതു കൂടുതലും. വടക്കേ ഇന്ത്യയില്‍ ഹിറ്റ്‌ലറെ ആരാധിക്കുന്നവരുണ്ട്. മേഘാലയയില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ പേര് അഡോള്‍ഫ് ലു ഹിറ്റ് ലര്‍ മറാക് എന്നാണ്.

 

Latest News