ന്യൂദല്‍ഹി- വാണിജ്യ വിമാനങ്ങളുടെ ക്യാബിന്‍ അടിമുടി ഡിജിറ്റലാക്കി യാത്രക്കാരുടെ ഓരോ ചലനവും സദാസമയം നീരീക്ഷിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി എയര്‍ബസ് വിമാനങ്ങളറിക്കുന്നു. വിമാനത്തിനകത്ത് ഓരോ യാത്രക്കാരനും എത്ര സമയം വരെ ടോയ്‌ലെറ്റിനകത്ത് ചെലവിട്ടു എന്നുവരെ കൃത്യമായി രേഖപ്പെടുത്തുന്ന ഈ വിദ്യ പുതിയ വിമാനങ്ങളില്‍ നടപ്പിലാക്കാനാണ് ഫ്രഞ്ച് വിമാന കമ്പനിയായ എയര്‍ബസിന്റെ പദ്ധതി. ഇന്റര്‍നെറ്റിന്റെ അടുത്ത തലമായ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനെ (ഐഒടി) അടിസ്ഥാനമാക്കിയാണിത്. ടോയ്‌ലെറ്റിലെ സോപ്പ് തീരുന്നതും, ടോയ്‌ലെറ്റ് പേപ്പര്‍ എത്ര ബാക്കിയുണ്ടെന്നും അടക്കമുള്ള എല്ലാ വിവരങ്ങളും കൃത്യമായി ഇതുവഴി ക്യാബിന്‍ ക്രൂവിന് അറിയാന്‍ കഴിയും. ധരിച്ചില്ലെങ്കില്‍ സീറ്റ് ബെല്‍റ്റ് ചുവപ്പ് സിഗ്നല്‍ കാണിക്കും, ധരിച്ചാല്‍ പച്ചയും. വിമാന ജീവനക്കാര്‍ക്ക് ജോലിഭാരം കുറച്ച് ബോര്‍ഡിങും പുറപ്പെടലും വേഗത്തിലാക്കാനാണ് ഈ വിദ്യ നടപ്പിലാക്കുന്നത്.
ഇത് ഒരു സങ്കല്‍പ്പമോ സ്വപ്‌നമോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് എയര്‍ബസ് വൈസ് പ്രസിഡന്റ് ഇന്‍ഗോ വഗറ്റ്‌സര്‍ പറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഏവിയേഷന്‍ ട്രേഡ് ഷോയിലാണ് എയര്‍ബസ് ഇത് അവതരിപ്പിച്ചത്. എയര്‍ബസ് കണക്ടഡ് എക്‌സ്പീരിയന്‍സ് എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതിക സൗകര്യം എ350 ടെസറ്റ് വിമാനത്തില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ എ321 വിമാനങ്ങളില്‍ 2021ഓടെ ഇതു പൂര്‍ണ തോതില്‍ നടപ്പിലാക്കാനാണു പദ്ധതി. രണ്ടു വര്‍ഷം കഴിഞ്ഞ വലിയ വിമാനങ്ങളിലും ഇതു വരും. ഈ സാങ്കേതിക വിദ്യ ശേഖരിക്കുന്ന വന്‍ ഡേറ്റാ ശേഖരം വിശകനലം ചെയ്ത് കമ്പനിക്ക് പുതിയ പദ്ധതികള്‍ തയാറാക്കാനും സഹായകമാകും.