ചെന്നൈ- നഗരത്തിൽ നിയമവിരുദ്ധമായി സ്ഥാപിച്ച സ്ഥാപിച്ച ഹോർഡിങ് തകർന്നുവീണ് ഐ.ടി ഉദ്യോഗസ്ഥ മരിച്ചു. ചെന്നൈയിലെ ഐ.ടി ഉദ്യോഗസ്ഥയായ ശുഭശ്രീ (23)യാണ് മരിച്ചത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ഹോർഡിംഗാണ് തകർന്നുവീണത്. ഓഫീസിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭശ്രീയുടെ മുകളിലേക്ക് ബോർഡ് മറിഞ്ഞു വീഴുകയായിരുന്നു.വാഹനത്തോടൊപ്പം റോഡിൽ വീണ ശുഭശ്രീയുടെ ദേഹത്ത് പിന്നാലെ വന്ന ടാങ്കർ ലോറി കയറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം, മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങൾ നിരയായി സ്ഥാപിച്ച ഹോർഡിങ്ങാണ് തകർന്നത്. എ.ഐ.എ.ഡി.എം. കെയുടെ പ്രാദേശികനേതാവ് സി ജയഗോപാൽ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോർഡിങ്ങുകൾ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ വിവാഹത്തിനെത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു.