ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് യാത്രാവിലക്കുള്ള വിദേശികളായ 314 സിഖുകാരുള്‍പ്പെട്ട കരിമ്പട്ടിക കേന്ദ്ര സര്‍ക്കാര്‍ വെട്ടിത്തിരുത്തി. ഇവരില്‍ രണ്ടു പേര്‍ ഒഴികെ ബാക്കി എല്ലാവരുടേയും വിലക്ക് നീക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ വിലക്കുണ്ടായിരുന്ന 312 പേര്‍ക്കും ഇനി ഇന്ത്യ സന്ദര്‍ശിക്കാനും ഓവര്‍സീസ് ഇന്ത്യന്‍ കാര്‍ഡ് സ്വന്തമാക്കാനും കഴിയും. കരിമ്പട്ടികയില്‍ വരുത്തിയ മാറ്റം വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ എല്ലാ നയതന്ത്ര കാര്യാലയങ്ങളേയും അറിയിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. കരിമ്പട്ടിക പുനപ്പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് നടപടി. ഒഴിവാക്കിയവര്‍ ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കരമ്പട്ടികയില്‍ ഇവരുടെ പേര് നീക്കം ചെയ്തത്. ഈ പുനപ്പരിശോധനാ നടപടി പതിവാണെന്നും തുടര്‍ച്ചയായ നടപടി യാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു. വിലക്ക് നീങ്ങിയതോടെ ഈ സിഖുകാര്‍ക്ക് ഇനി ഇന്ത്യയിലേക്ക് വരാനും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും സാധിക്കും.
1980കളില്‍ സ്വതന്ത്ര സിഖ് രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം സിഖുകാര്‍ സായുധ പോരാട്ടം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ കരിമ്പട്ടിക തയാറാക്കിയത്. ഇന്ത്യക്കാരും വിദേശികളുമായി നിരവധി സിഖുകാര്‍ ഇവരുടെ വലയില്‍ അകപ്പെട്ടിരുന്നു. ഇവരില്‍ പലരും പിടിയിലകപ്പെടാതിരിക്കാന്‍ ഇന്ത്യ വിടുകയുംചെയ്തിരുന്നു. ഇവര്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം സ്വീകരിക്കുകയോ അഭയം തേടുകയോ ചെയ്തു. 2016വരെ ഇവര്‍ക്ക് ഇന്ത്യ കടുത്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പട്ടികയില്‍ പേരുള്ളത് ഇവര്‍ക്ക് കോണ്‍സുലേറ്റുകള്‍ വഴി കുടുംബങ്ങളെ ബന്ധപ്പെടുന്നതിലും മറ്റും പ്രയാസമുണ്ടാക്കി. ഇത് ലഘൂകരിക്കാനാണ് കരിമ്പട്ടികയില്‍ കൂട്ടവെട്ട് നടത്തിയത്. ഇവര്‍ക്ക് ഇനി ഇന്ത്യയില്‍ വരാനും ദീര്‍ഘകാല ഇന്ത്യ വിസ തരപ്പെടുത്താനും ഇതോടെ വഴിയൊരുങ്ങി.