ന്യൂദല്‍ഹി- ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസറുമായി അടിപിടികൂടിയ കാനഡ പൗരനെ ബുധനാഴ്ച രാത്രി നാടുകടത്തി. ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ടാണ് ഈ യാത്രക്കാരന്‍ തര്‍ക്കിച്ചത്. ലുഫ്താന്‍സ എയര്‍ലൈന്‍സിലാണ് ഇദ്ദേഹം ബുധനാഴ്ച രാത്രി ദല്‍ഹിയില്‍ വന്നിറങ്ങിയത്. നിയമ പ്രകാരം രാജ്യാന്തര യാത്രക്കാര്‍ ഇമിഗ്രേഷന്‍ നപടികള്‍ പൂര്‍ത്തിയാക്കി മാത്രമെ ഏതെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. ഈ യാത്രക്കാരന്‍ ഇമിഗ്രേഷന്‍ ഫോം കൃത്യമായി പൂരിപ്പിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെടുത്തുകയും നിയമം അറിയില്ലെ എന്ന് ചോദിക്കുകയും ചെയ്തതോടെ യാത്രക്കാരന്‍ ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനായി തൊപ്പി ഊരാന്‍ പറഞ്ഞതും യാത്രക്കാരന്‍ അനുസരിച്ചില്ല. വാഗ്വാദം പരിധിവിട്ടതോടെ കാനക്കാരന്‍ ഉദ്യോഗസ്ഥനെ പിടിച്ച് പൊതിരെ തല്ലി. ഇതോടെ ഓഫീസര്‍ പോലീസിനെ വിളിച്ചു വരുത്തുകയും പരാതി നല്‍കുകയുമായിരുന്നു. കാനഡ പൗരനായ ആര്‍ ആര്‍ ഭാട്ടിയയും പോലീസില്‍ പരാതി നല്‍കി. ഇമിഗ്രേഷന്‍ വകുപ്പ് കാനഡക്കാരനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയതോടെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ചട്ട പ്രകാരം ഇദ്ദേഹത്തെ നാടുകടത്തുകയായിരുന്നുവെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.