ലണ്ടന്‍- പൈലറ്റിന്റെ കയ്യില്‍ നിന്നും കോഫി കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലിലേക്ക് മറിഞ്ഞു വീണതിനെ തുടര്‍ന്ന് 326 യാത്രക്കാരുമായി ജര്‍മനിയില്‍ നിന്നും മെക്‌സിക്കോയിലേക്ക് പറക്കുകയായിരുന്ന യാത്രാവിമാനം അയര്‍ലന്‍ഡില്‍ അടിയന്തിരമായി ഇറക്കി. അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളില്‍ വച്ചാണ് കോക്പിറ്റില്‍ കോഫി മറിഞ്ഞത്. ചൂടുപാനീയം വീണ് കണ്‍ട്രോള്‍ പാനലിനകത്തു നിന്നും കരിഞ്ഞ മണവും പുകയും ഉയര്‍ന്നു. ഇതോടെ വഴിതിരിച്ചു വിട്ട് തൊട്ടടുത്ത വിമാനത്താവളത്തില്‍ ഇറക്കാന്‍ ക്യാപ്റ്റന്‍ തീരുമാനിക്കുകയായിരുന്നവെന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അറിയിച്ചു.
കപ് ഹോള്‍ഡറില്‍ വെക്കുന്നതിനു പകരം പൈലറ്റ് പരന്ന ട്രേ ടേബിളില്‍ കോഫി കപ്പ് വച്ചതാണ് മറിയാനിടയാക്കിയതെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അന്വേഷണ റിപോര്‍ട്ട് പുറത്തു വന്നത് ഇപ്പോഴാണ്. സംഭവം ഉണ്ടായ എയര്‍ബസ് എ330-243 വിമാനം ഏതു എയര്‍ലൈന്‍ കമ്പനിയുടേതാണെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. ഈ സംഭവത്തിനു ശേഷം എല്ലാ വിമാനങ്ങളിലും കപ് ലിഡുകള്‍ സ്ഥാപിക്കാനും അത് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് പറഞ്ഞു.