Sorry, you need to enable JavaScript to visit this website.

സ്വദേശി പങ്കാളിത്തം ഉയര്‍ന്നു; സൗദിയില്‍ തൊഴിലില്ലായ്മ കുറയുന്നു

റിയാദ്- സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ തൊഴിലില്ലായ്മാ നിരക്കിൽ ഗണ്യമായ കുറവെന്ന് പഠനം. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ 2019 ലെ രണ്ടാം പാദവർഷ സർവേ റിപ്പോർട്ടിലാണ് ഈ പരാമർശം. കഴിഞ്ഞ 15 വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ആദ്യമായി 5.6 ശതമാനം എന്ന തോതിൽ കുറഞ്ഞുവെന്ന് പഠനം സ്ഥിരീകരിച്ചു. ഈ വർഷം ആദ്യ പാദത്തിൽ തൊഴിലില്ലായ്മാ നിരക്ക് ആറ് ശതമാനമായിരുന്നു.


തൊഴിലില്ലാത്ത സൗദി യുവതി, യുവാക്കളുടെ എണ്ണവും 15 വർഷത്തിനിടെ ഏറ്റവും കുറഞ്ഞിട്ടുണ്ടെന്ന് അതോറിറ്റിയുടെ സർവേ ഫലം വ്യക്തമാക്കുന്നു. സ്വദേശികളിൽ 12.3 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്. ഈ വർഷം പുറത്തിറക്കിയ ആദ്യ പാദ റിപ്പോർട്ടിൽ ഇത് 12.5 ശതമാനമായിരുന്നു. 


എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ഇത്തവണ 45 ശതമാനമായി ഉയർന്നു. ഇതും 15 വർഷത്തിനിടെ റെക്കോർഡ് നേട്ടമാണ്. ആദ്യ പാദ സർവേയിൽ 42.3 ശതമാനമായിരുന്നു സ്വദേശികളുടെ സാമ്പത്തിക മേഖലയിലെ പങ്കാളിത്തം. സ്വദേശി വനിതകൾ 23.2 ശതമാനം വിഹിതവുമായി വലിയ നേട്ടം കൈവരിച്ചുവെന്നതാണ് ശ്രദ്ധേയം. 2019 ആദ്യ പാദത്തിൽ സൗദി സാമ്പത്തിക മേഖലയിൽ 20.5 ശതമാനമായിരുന്നു വനിതകളുടെ പങ്ക്. അതേസമയം, സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ആദ്യ പാദത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. 
31,12,029 ജോലിക്കാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 30,90,248 പേരാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. 10,02,855 സ്വദേശി യുവതി, യുവാക്കൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, സിവിൽ സർവീസ് മന്ത്രാലയം, ഹദഫ് എന്നീ വകുപ്പുകളുടെ വെബ് പോർട്ടലുകളിൽ ജോലി ലഭ്യമാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും സ്വന്തം നിലക്കോ മറ്റേതെങ്കിലും സ്ഥാപനത്തിന് കീഴിലോ ജോലി ചെയ്യുന്നവരാണെന്നതാണ് വസ്തുത. സർക്കാർ ജോലി ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്തവരും കുറവല്ലെന്നും അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. 

 

Latest News